ഇടുക്കി: മീൻ പിടിക്കുന്നതിനിടെ ചെക്ക് ഡാമിന്‍റെ വാൽവിൽ വീണയാൾ മരിച്ചു. തൂക്കുപാലത്ത് കല്ലാർ പുഴയിൽ നിർമിച്ചിരിക്കുന്ന ചെക്ക് ഡാമിലാണ് അപകടം നടന്നത്. വെള്ളയാംകുടി കാണക്കാലിപ്പടി പുത്തൻപുരക്കൽ മോഹനനാണ് (40) മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം.
തൂക്കുപാലത്തെ സഹോദരിയുടെ വീട്ടിലെത്തിയ മോഹനൻ മീൻ പിടിക്കുന്നതിനാണ് സുഹൃത്തിനൊപ്പം ചെക്ക് ഡാമിലെത്തിയത്. ഇരട്ടയാറിലെ ജോലി സ്ഥലത്തു നിന്നാണ് ഇവർ തൂക്കുപാലത്ത് എത്തിയത്.
മീൻ പിടിക്കുന്നതിനിടെ മോഹനൻ വെള്ളത്തിൽ വീണത് കണ്ട് സുഹൃത്ത് രക്ഷിക്കാൻ ചാടിയെങ്കിലും മോഹനൻ വാൽവിലെ ഒഴുക്കിൽപെടുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മോഹനൻ ഗാർഡനുകൾ നിർമിക്കുന്ന കരാറുകാരനാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കോവിഡ്; മരിച്ചവരിൽ അധികവും വാക്‌സിനെടുക്കാത്തവർ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനം പേരും ഒരു ഡോസ് വാക്‌സിൻ പോലും എടുക്കാത്തവരാണെന്ന് കണ്ടെത്തൽ. ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കോവിഡ് മരണങ്ങൾ ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയശേഷം, ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നു വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ വാക്സീൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 45 വയസിനു മുകളിലുള്ള 92ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിയെന്നാണ് സർക്കാരിന്‍റെ കണക്കെങ്കിലും പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേർ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നും ഇവർ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോർട്ട്.
വാക്സീൻ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരിൽ ഏതാണ്ട് 700 പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരിൽ ഏതാണ്ട് 200 പേരാണ് രണ്ട് ഡോസും എടുത്തിരുന്നത്. ഇവരിൽ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരായിരുന്നുവെന്നാണ് വിലയിരുത്തൽ.
മരിച്ച 9195 പേരിൽ 6200 പേർ (67.43%) ഗുരുതര രോഗബാധിതരായിരുന്നു. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ കോവിഡിനു കീഴടങ്ങിയത്. ഗുരുതരവും അല്ലാത്തതുമായ രോഗങ്ങളുടെ വിശദ കണക്ക് ഇങ്ങനെ: പ്രമേഹം 26.41%, രക്തസമ്മർദം 26.11%, ഹൃദ്രോഗം 11.07%, വൃക്കരോഗം 8.19%, ശ്വാസകോശരോഗം 4.14%, പക്ഷാഘാതം 2.73%, തൈറോയ്ഡ് 1.67 %. ഇതിലും കുറവാണ് കാൻസർ ഉൾപ്പെടെ മറ്റു രോഗങ്ങളാൽ മരിച്ചവരുടെ തോത്.
Post A Comment: