www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1589) Mostreaded (1516) Idukki (1506) Crime (1274) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബിഗ് സല്യൂട്ടല്ല, ഇടുക്കിക്ക് വേണ്ടത് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികൾ

Share it:



ഹൃദയാഘാതം സംഭവിച്ച 17 കാരിയുടെ ജീവനുവേണ്ടി കട്ടപ്പനയിൽ നിന്നും കൊച്ചിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് യാത്രയിലൂടെ വീണ്ടും പുറത്ത് വരുന്നത് ആധുനിക ചികിത്സാ രംഗത്തെ ഇടുക്കിയുടെ മുറവിളി. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യ വാസം സാധ്യമാകുമോയെന്ന് ചിന്തിക്കുന്ന ആധുനിക കാലത്തിലും ചികിത്സാ മാർഗങ്ങൾക്കായി നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടേണ്ട ഗതികേടിലാണ് ഇടുക്കിക്കാർ. 

കാലങ്ങളായി മാറി മാറി ഭരിക്കുന്ന ഭരണ കർത്താക്കൾ ഇത്തരം ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുമ്പോഴും 17 കാരിയെയും കൊണ്ട് രണ്ട് മണിക്കൂർ 40 മിനിറ്റ് കൊണ്ട് കട്ടപ്പനയിൽ നിന്നും കൊച്ചിയിലെത്തിച്ച ആംബുവൻസ് ഡ്രൈവറെയും സന്നദ്ധ പ്രവർത്തകരെയും അഭിനന്ദിക്കാൻ ഇവരൊന്നും മടിക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ അഭിനന്ദന പോസ്റ്റുകൾ ഇടുന്നതിന് പകരം അടുത്ത ആംബുലൻസ് ഇതുപോലെ ചീറി പായാതിരിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ഇവർ ശ്രമിക്കേണ്ടത്.

വ്യാഴാഴ്ച്ചയാണ് കട്ടപ്പന മിഷൻ ആശുപത്രിയിൽ നിന്നും 17 കാരിയുമായി ആംബുലൻസ് കൊച്ചി അമൃത ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്. രണ്ട് മണിക്കൂർ 40 മിനിറ്റ് കൊണ്ട് ആംബുലൻസ് കൊച്ചിയിലെത്തി. പെൺകുട്ടി സുഖം പ്രാപിച്ച് വരുന്നതായിട്ടാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്. 


130 കിലോമീറ്റർ ദൂരം ആംബുലൻസിന് അതിവേഗം പായുന്നതിനായി പ്രയത്നിച്ച പൊതു പ്രവർത്തകർക്കും സർക്കാർ സംവിധാനങ്ങൾക്കും പൊലീസിനും ആംബുലൻസിലെ ആരോഗ്യ പ്രവർത്തകർക്കും ഡ്രൈവർമാർക്കും സോഷ്യൽ മീഡിയ സല്യൂട്ടുകൾ നൽകുന്നുണ്ട്. രാഷ്ട്രീയ രംഗത്തു നിന്നും ഇവരെ അനുമോദിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. എന്നാൽ അതിവേഗം പാഞ്ഞ ആംബുൻസിലന്‍റെ സൈറണിൽ മുഴങ്ങിക്കേട്ടത് ആധുനിക ചികിത്സാ രംഗത്തെ ഇടുക്കിയുടെ ശോചനീയാവസ്ഥയാണെന്ന് മാത്രം. 

ഇതര ജില്ലകളിൽ സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമാണെങ്കിലും സ്വകാര്യ രംഗത്ത് നിരവധി ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളുണ്ട്. എന്നാൽ ഈ നൂറ്റാണ്ടിലും ഇടുക്കിക്ക് സർക്കാർ രംഗത്തോ, സ്വകാര്യ രംഗത്തോ നല്ലൊരു ആശുപത്രി ഉണ്ടാകുന്നതിന് സാധിച്ചിട്ടില്ലെന്നത് വലിയ കുറവായി തന്നെ കാണേണ്ടിയിരിക്കുന്നു. 

17 കാരിയെ അതിവേഗം 130 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചതാണ് ഭരണ പക്ഷ പാർട്ടി ആഘോഷിക്കുന്നത്. 

ഭരണ കക്ഷിയിൽ നിന്നു മാത്രം നാല് എംഎൽഎമാരും ഒരു മന്ത്രിയും ജില്ലക്കുണ്ടായിട്ടും ആതുര സേവന രംഗത്ത് മികവ് പുലർത്താൻ ജില്ലക്ക് ആയിട്ടില്ലെന്നത് പരിതാപകരം തന്നെ. 17 കാരിയുടെ ആംബുലൻസ് യാത്രയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയിയൽ മന്ത്രിയടക്കം നൽകിയ പോസ്റ്റുകളിൽ നിറയുന്നതും ഇതേ വിമർശനം തന്നെയാണ്. 

കാലം ഏറെ പിന്നിട്ടിട്ടും ഇടുക്കിയെ പിന്നോട്ടടിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ മേധാവിത്വം തന്നെയാണ്. ഇടുക്കി മെഡിക്കൽ കോളെജിനെ ചെറുതോണിയിലേക്ക് മാറ്റിയതും ചില തൽപര കക്ഷികളുടെ താൽപര്യത്തെ തുടർന്നായിരുന്നു. കട്ടപ്പന പോലെ സകലർക്കും സൗകര്യപ്രദമായ ഒരു നഗരത്തിൽ മെഡിക്കൽ കോളെജ് സ്ഥാപിക്കാതെ ചെറുതോണിയെന്ന ഉൾഗ്രാമത്തിലേക്ക് മെഡിക്കൽ കോളെജ് മാറ്റപ്പെട്ടത് ചില സ്വകാര്യ ആശുപത്രികളുടെ സമ്മർദത്തിന് വഴങ്ങിയാണെന്ന് അക്കാലത്ത് തന്നെ ആക്ഷേപം ഉയർന്നിരുന്നതാണ്.

കട്ടപ്പന കേന്ദ്രീകരിച്ച് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ പലതും തുടങ്ങാൻ പദ്ധതികൾ നീക്കിയെങ്കിലും ഇവരെയൊക്കെ നിയമത്തിന്‍റെ നൂലാമാലകൾ നിരത്തി മടക്കി അ‍യച്ചതും ഇവിടുത്തെ രാഷ്ട്രീയ- അവിശുദ്ധ കൂട്ടുകെട്ടുകളാണ്. 

ഫലത്തിൽ ഇടുക്കി മെഡിക്കൽ കോളെജ് പ്രവർത്തനം ആരംഭിച്ചെങ്കിലും സങ്കീർണങ്ങളായ പല കേസുകളിലും ഇവിടെ ചികിത്സയില്ലെന്നതാണ് മറ്റൊരു വസ്തുത. പലപ്പോഴും സങ്കീർണങ്ങളായ കേസുകളിൽ കോട്ടയം മെഡിക്കൽ കോളെജിലേക്കോ, സ്വകാര്യ ആശുപത്രിയിലേക്കോ റഫർ ചെയ്യുകയാണ് പതിവ്. 

ഏലപ്പാറ, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി മേഖലയിൽ സ്ത്രീകൾ ഗർഭം ധരിക്കാൻ തന്നെ ഭയപ്പെടുന്നുണ്ട്. നല്ലൊരു ആശുപത്രി ഇല്ലാത്തതിനാൽ പലരും കിലോമീറ്ററുകൾ അകലെ കാഞ്ഞിരപ്പള്ളിയിലോ, കോട്ടയത്തോ, പാലയിലോ ആണ് ചികിത്സ തേടുന്നത്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രം കുഞ്ഞിനെയും അമ്മയെയും ജീവനോടെ ലഭിക്കുന്ന സാഹചര്യവും ഇവിടെ പതിവാണ്. 

പതിറ്റാണ്ടുകളായി ഒരേ പാർട്ടി തന്നെയാണ് ഈ മേഖലയിൽ നിയമസഭയെ പ്രതിനിധീകരിക്കുന്നത്. മണ്ഡലത്തിൽ ആതുര സേവന രംഗത്ത് ചെറുവിരലനക്കാൻ പോലും ഈ പാർട്ടിക്കോ, ജനപ്രതിനിധിക്കോ കഴിഞ്ഞിട്ടില്ലെന്നത് ഖേദകരം തന്നെ. 

ജില്ലയിലെ തൊടുപുഴ ഒഴികെയുള്ള മറ്റുമണ്ഡലങ്ങളിലും സ്ഥിതി ഇതൊക്കെ തന്നെ. ഈ ഒരു ദുർഗതിക്ക് എന്ന് പരിഹാരം കാണാനാകുമെന്ന മുറവിളിയാണ് ഓരോ ആംബുലൻസ് ശബ്ദത്തിലും ഇടുക്കിയിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Mostreaded

Post A Comment: