ഇടുക്കി: കോവിഡ് സ്ഥീരീകരിച്ച കട്ടപ്പനയിലെ ഡ്രൈവറുടെ സമ്പർക്ക പട്ടിക തയാറാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. രോഗിയുടെ റൂട്ട് മാപ്പ് അടക്കം ഉടൻ തന്നെ പുറത്തുവിടാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടിക തന്നെ അൻപത് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ 35 പേരെ ഇത്തരത്തിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കും. ഇവരുമായി ഇടപെട്ടവരെയും ഇവരിൽ രോഗ ലക്ഷണം ഉള്ളവരെയും ഉടൻ തന്നെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.
റൂട്ട് മാപ്പ് തയാറാക്കിയെങ്കിൽ മാത്രമേ ഇയാളുമായി ആരൊക്കെ അടുത്ത് ഇടപെട്ടിട്ടുണ്ടെന്ന് കണ്ടെത്താനാകു. ഇയാൾ അവസാനമായി തമിഴ്‌നാട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴായിരിക്കണം കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്. ഇതിനു ശേഷം അടുത്ത് ഇടപഴകിയവരെ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്.
കട്ടപ്പന മാർക്കറ്റിൽ അടക്കം പഴം- പച്ചക്കറി വിതരണം നടത്തിയ ഡ്രൈവർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം വെള്ളിയാഴ്ച്ച പകൽ മുഴുവൻ മാർക്കറ്റ് തുറന്നിട്ടത് വീഴ്ച്ചയാണെന്ന ആക്ഷേപം ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നുണ്ട്. വെള്ളിയാഴ്ച്ച നിരവധി പേർ മാർക്കറ്റിലും പരിസരത്തും സാധനങ്ങൾ വാങ്ങാനും മറ്റും എത്തിയിരുന്നു. രോഗ വിവരം സ്ഥിരീകരിച്ചതോടെ മാർക്കറ്റ് അടക്കേണ്ടതായിരുന്നുവെന്നാണ് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ സർക്കാരിൽ നിന്നും അനുമതിയില്ലാതെ ഇത്തരം നടപടിയെടുക്കാൻ കഴിയില്ലെന്ന് അധികൃതരും പ്രതികരിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: