കൊല്ലം: ഉത്രക്കൊലക്കേസിൽ പ്രതി സൂരജിന്‍റെ പിതാവ് സുരേന്ദ്രൻ അറസ്റ്റിൽ. ഉത്രയുടെ സ്വർണാഭരണം വീടിനു സമീപത്തു നിന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. സൂരജ് തന്നെയാണ് പിതാവിനെതിരെ മൊഴി നൽകിയത്. തുടർന്ന് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുകയും രാത്രിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉത്രയുടെ സ്വർണം ഒളിപ്പിച്ചത് സുരേന്ദ്രനായിരുന്നുവെന്നാണ് വിവരം.
കൊലപാതകത്തെ കുറിച്ച് സൂരജിന്‍റെ വീട്ടുകാർക്ക് അറിവുണ്ടെന്ന് നേരത്തെ ക്രൈംബ്രാഞ്ചിനു വിവരംലഭിച്ചിരുന്നു. വീടിനു സമീപം രണ്ടിടങ്ങളിലായിട്ടാണ് സ്വർണം കുഴിച്ചിട്ടിരുന്നത്. മുപ്പത്തിയേഴര പവൻ സ്വർണമാണ് കണ്ടെത്തിയത്. സൂരജ് മുൻപും പാമ്പിനെ വീട്ടിൽ കൊണ്ടു വന്നിട്ടുണ്ടെന്നും ഇയാളുടെ അഛൻ മൊഴി നൽകിയിട്ടുണ്ട്. സൂരജിന്‍റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. അയൽവാസികളായ ചിലരേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
സൂരജിന്‍റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകും. ഉത്രയുടെ ആന്തരികാവയവ പരിശോധനയുടെ ഫലം വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷസംഘം. ഇത് ലഭിക്കുന്നതോടെ കൂടുതൽ സാങ്കേതിക തെളിവുകൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. സൂരജിന്‍റെ മാതാപിതാക്കൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നുണ്ട്. കൊല്ലപ്പെട്ടശേഷം അഭിഭാഷകരാരുടെയെങ്കിലും വിദഗ്ധ ഉപദേശം സൂരജ് ഉൾപ്പടെയുള്ളവർക്ക് ലഭിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: