ഇടുക്കി: പൊലീസ് ക്വാർട്ടേഴ്‌സിലെ അനാശാസ്യം കൈയോടെ പൊക്കിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു നേരെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗുണ്ടാ ആക്രമണം. രാജ് കുമാർ കസ്റ്റഡി മരണക്കേസിൽ തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്ന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. ആക്രമണത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും വീട്ടുകാർക്കും പരുക്കേറ്റതോടെ പോലീസിനുള്ളിൽ വീണ്ടും വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
പൊലീസ് സ്റ്റേഷനു സമീപത്തായി ഉദ്യോഗസ്ഥർക്ക് തങ്ങുന്നതിനായിട്ടുള്ള ക്വാർട്ടേഴ്‌സിലാണ് വിവാദ സംഭവങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥർ കുടുംബമായി താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ യുവതിയുമായി എത്തിയിരുന്നു. സംഭവം മണത്തറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിവരം മേലധികാരികളെ അറിയിച്ചു. പൊലീസ് ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയിലാണ് ഇത്തരം ഒരു സംഭവം നടന്നത്. സ്ത്രീയുമായി ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്‌സിലെത്തിയ വിവരം ചോർന്നതോടെ പൊലീസ് മേധാവികൾ തന്നെ ഇരുവരെയും കൈയോടെ പൊക്കി.
എന്നാൽ ഇരുവരും ഉഭയ സമ്മതത്തോടെയാണ് ക്വാർട്ടേഴ്‌സിലെത്തിയതെന്ന് മൊഴി നൽകിയതോടെ കേസെടുക്കാതെ സംഭവം ഒതുക്കി. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചതിനാൽ യുവതിയുമായെത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം മുറുകി. സ്വന്തം കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന ഇയാൾക്ക് ഇതോടെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് വൈരാഗ്യം ഉടലെടുക്കുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ രാത്രിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍റെ കോട്ടേഴ്‌സിലെത്തിയ പൊലീസ് സംഘം ആക്രമണം അഴിച്ചു വിട്ടത്.
ആക്രമണത്തിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ പൊതുമുതൽ നശിപ്പിച്ചതിനു കേസെടുത്തിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം പൊലീസ് സേനയിലെ ചേരിപ്പോര് ജില്ലാ പൊലീസിനു തലവേദനയായിരിക്കുകയാണ്. രാജ് കുമാർ കസ്റ്റഡി മരണം തുടങ്ങി ജില്ലയിലെ പൊലീസ് സേന ചേരി തിരിഞ്ഞ് നിൽക്കുന്നതാണ് പ്രതിസന്ധിയാകുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം ഉൾപ്പെടെ നൽകിയെങ്കിലും ഓരോ ദിവസവും പുതിയ വിവാദങ്ങൾ തലപൊക്കിക്കൊണ്ടിരിക്കുകയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: