ഇടുക്കി: കോവിഡ് സ്ഥിരീകരിച്ച കട്ടപ്പനയിലെ ആശാ പ്രവർത്തകയുടെ സമ്പർക്ക പട്ടിക തയാറാക്കുന്നത് വെല്ലുവിളിയെന്ന് ആരോഗ്യ വിഭാഗം. ഇതിനിടെ ഇവർക്ക് രോഗം വ്യാപിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനുമായിട്ടില്ല. നിരവധി വീടുകളിലും മറ്റും ഇവർ പോയിരുന്നതിനാൽ ഒട്ടേറെ പേരെ നിരീക്ഷണത്തിലാക്കേണ്ടി വരും. ഇവർ പോയ വീടുകളിലുള്ളിലുള്ളവരെയും താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും നീരീക്ഷണത്തിലാക്കും. ജില്ലയിൽ സമ്പർക്കത്തിലൂടെ രണ്ട് പേർ രോഗികളായതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ആശാപ്രവർത്തകയ്ക്ക് രോഗലക്ഷണങ്ങൾ കണ്ട് വ്യാഴാഴ്ച നിരീക്ഷണത്തിൽ പോകുന്നത് വരെ ഇവർ നൂറിലധികം വീടുകളിൽ മരുന്നുമായി പോയിട്ടുണ്ട്. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും ദിവസവും എത്തുമായിരുന്നു. ഇതോടെ ഈ വീട്ടുകാരെ മുഴുവൻ കണ്ടെത്തുകയും നിരീക്ഷണത്തിൽ വയ്ക്കേണ്ടതുമായ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ളത്. ആശുപത്രിയിലെ എത്ര നഴ്സുമാരുമായി സമ്പർക്കമുണ്ടായി എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല.
ആശുപത്രിയിൽ സിസി ടിവി സൗകര്യങ്ങളൊന്നും ഇല്ലാത്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ ഭാര്യക്കും, അമ്മയ്ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതും ആശങ്കക്ക് കാരണമായിട്ടുണ്ട്. ഇയാൾ ലോഡിറക്കുന്ന കട്ടപ്പന മാർക്കറ്റിലെ ഇരുപതിലധികം പേരുടെ പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല. ഈ സംഭവത്തിൽ സാമൂഹിക വ്യാപനത്തിന്‍റെ സാധ്യതപോലും ആരോഗ്യവകുപ്പ് ഭയപ്പെടുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: