ചുട്ടുപൊള്ളുന്ന ചൂടിൽ വിയർത്തൊഴുകുന്നുണ്ടോ.. എന്നാൽ വണ്ടിയെടുത്ത് നേരെ മൂന്നാറിനു വിട്ടോളു.. ശരീരം മാത്രമല്ല...മനസും തണുപ്പിക്കാം.. കഴിഞ്ഞ ആഴ്ച്ച താപനില മൈനസിലെത്തിയതോടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും വീണ്ടും മനോഹരമായിരിക്കുകയാണ്.
മഞ്ഞ് വീഴുന്ന മൈനസ് ഡിഗ്രി
മുന്നാറിലെ താപനില മൈനസ് ആകുന്നതോടെ മഞ്ഞു വീഴ്ച്ച തുടങ്ങും. ഇത് കാണാനായി ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. പക്ഷെ ഏറെ പേരും മഞ്ഞു വീഴ്ച്ച കാണാനാകാതെ നിരാശയാണ് മടങ്ങുന്നത്. താപനില മൈനസാകുന്നതും മഞ്ഞു വീഴ്ച്ച ഉണ്ടാക്കുന്നതും എല്ലാ ദിവസവും കാണാനാവില്ല, കാലാവസ്ഥ മാറുന്നത് അനുസരിച്ച് താപനിലയിൽ വ്യത്യാസമുണ്ടാകും പിന്നെ ഒരൽപം ഭാഗ്യവും കൂട്ടുവേണം. മൂന്നാറിലെ പെരിയവരൈ, ദേവികുളം, മാട്ടുപ്പെട്ടി മേഖലകളിലാണ് മഞ്ഞു വീഴ്ച്ച കൂടുതൽ. പുലർ വെയിൽ വീഴുന്നതിനു മുൻപ് എത്തിയാൽ മാത്രമേ മഞ്ഞിന്‍റെ ഈ മാസ്മരിക കാഴ്ച്ച കാണാൻ സാധിക്കൂ.
മാട്ടുപെട്ടിയിലെ കാട്ടാനകൾ
മൂന്നാറിൽ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലമാണു മാട്ടുപെട്ടി. ഇക്കോ പോയിന്‍റ്, ബോട്ടിങ് എന്നിവയാണ് പ്രധാന ആകർഷണം. മാട്ടുപെട്ടിയിലെ പുൽമേട്ടിൽ കൂട്ടത്തോടെ എത്തുന്ന കാട്ടാനകളാണ് ഇവിടുത്തെ പ്രധാന കാഴ്ച്ച. കൊമ്പന്മാർ മുതൽ കുട്ടിയാനകൾ വരെ കാണും, പുൽമെട്ടിനു മുകളിൽ ഇവയുടെ കളിയും കുറുമ്പുമൊക്കെ കണ്ടിരിക്കാൻ പ്രത്യേക രസമാണ്. പക്ഷേ, ഇവർ കാട്ടാനകളാണെന്ന് ഓർമ വേണം. അടുത്തു പോകാനോ അവയെ ശല്യം ചെയ്യാനോ പാടില്ല.
കൊളുക്കുമലയിലെ സൂര്യോദയം
കൊളുക്കുമലയാണു മൂന്നാറിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. കൊളുക്കുമലയിലെ സൂര്യോദയം കാണാനാണു സഞ്ചാരികൾ ഇവിടെയെത്തുന്നത്. മലനിരകൾക്കു താഴെ വെള്ളമെത്ത വിരിച്ചപോലെ നിൽക്കുന്ന മേഘങ്ങൾക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യൻ, അതൊരു ഒന്നൊന്നര കാഴ്ച്ചയാണ്, ഒറ്റവാക്കിൽ പറഞ്ഞാൽ ‘മാജിക്കൽ’. എന്നാൽ മൂടൽമഞ്ഞുള്ള ദിവസവും മഴക്കാലങ്ങളിലും സുര്യോദയം കാണാൻ സാധിക്കില്ല.
വരയാടുകളെ കാണാൻ രാജമലയിലെത്താം
രാജമലയിലാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. വരയാടുകളുടേയും 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലകുറിഞ്ഞി പൂക്കളുടെയും മല. വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ ഏറ്റവും കൂടുതലുള്ളത് രാജമലയിലാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
Post A Comment: