
ഒക്കലഹോമ: കൂട്ടുകാരിയോട് ക്രഷ് തോന്നിയ എട്ടു വയസുകാരിയെ സ്‌കൂളിൽ നിന്നും പുറത്താക്കി. അമേരിക്കയിലെ ഒക്കലഹോമയിലെ ക്രിസ്‌ത്യൻ സ്‌കൂളിനു നേരെയാണ് എട്ടു വയസുകാരിയുടെ അമ്മ ആരോപണവുമായി രംഗത്തെത്തിയത്. പെൺകുട്ടിക്ക് പെൺകുട്ടിയോട് ക്രഷ് തോന്നുന്നത് ക്രീസ്‌തീയമല്ലെന്നാരോപിച്ചാണ് കുട്ടിയെ പുറത്താക്കിയതെന്ന് കുട്ടിയുടെ അമ്മ ഡെലാനീ ഷെൽറ്റൻ സി.എൻ.എന്നിനോട് വെളിപ്പെടുത്തിയത്.
എട്ടു വയസുകാരിക്ക് പുറമേ അഞ്ച് വയസുള്ള സഹോദരനെയും സ്‌കൂൾ അധികൃതർ പുറത്താക്കി. സ്വന്തം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ക്രഷ് തോന്നുന്നെന്ന് എട്ടു വയസുകാരി പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് മകൾക്ക് നടപടി നേരിടേണ്ടി വന്നതെന്നാണ് ഡെലാനീ ഷെൽറ്റൻ പറയുന്നു.
കളിസ്ഥലത്ത് വച്ചാണ് മകൾ സഹപാഠിയോട് ഇക്കാര്യം തുറന്ന് പറഞ്ഞതെന്നാണ് ഡെലാനീ സിഎൻഎന്നിനോട് പറഞ്ഞത്. സംഭവത്തിന് പിന്നാലെ കുട്ടിയെ പ്ലേ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇവർ കുട്ടിയെ പ്രിൻസിപ്പലിന്‍റെ ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. ഇവിടെ നിന്ന് വൈസ് പ്രിൻസിപ്പൽ തന്‍റെ മകളോട് 'സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നു മാത്രമേ കുട്ടികൾ ഉണ്ടാകു എന്നാണ് ബൈബിൾ പറയുന്നത്' എന്നാണ് പറഞ്ഞതെന്നും അമ്മ പറയുന്നു.
മകളോട് വൈസ് പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങളും സംഭവവും അറിഞ്ഞ് ഡെലാനീ സ്ക്കൂളിൽ എത്തിയപ്പോൾ രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് അവർ തന്നോട് ചോദിച്ചതെന്നും അമ്മ പറയുന്നു. അതിൽ പ്രത്യേകിച്ച് പ്രശ്‌നം ഒന്നും കാണുന്നില്ലെന്ന് താൻ വ്യക്തമാക്കിയെന്നും ഡെലാനീ പറയുന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ നാടാണ് ഒക്കലഹോമ.
അമ്മ സ്ക്കൂളിൽ എത്തി വൈസ് പ്രിൻസിപ്പാളുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇവരുടെ കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സ്ക്കൂൾ അധികൃതർ തീരുമാനിക്കുന്നത്. എട്ടു വയസുകാരിയെയും അഞ്ചുവയസുകാരനായ അനുജനെയും ഇവർ പുറത്താക്കുകയായിരുന്നു. സംഭവം മകളെ വല്ലാതെ ബാധിച്ചുവെന്നും അമ്മ സാക്ഷ്യപ്പെടുത്തുന്നു. ദൈവം ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടാകുമോ എന്നാണ് കുട്ടി അമ്മയോട് ചോദിച്ചത്. പ്രശ്‌നം പരിഹരിക്കാനായി അമ്മ സ്ക്കൂൾ സൂപ്രണ്ട് ജോയൽ പെപ്പിനെ കണ്ടെങ്കിലും അധികൃതർ അഭ്യർഥന നിരസിക്കുകയായിരുന്നു.
സ്വവർഗ ലൈംഗികതയും ഉഭയ ലൈംഗികതയും എന്നിവ ലൈംഗിക അധാർമികതയാണെന്നാണ് റിജോയ്‌സ് ക്രിസ്ത്യൻ സ്ക്കൂൾ ഹാൻഡ്ബുക്കിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാൽ പുറത്താക്കുമെന്നും ഇതിൽ പറയുന്നുണ്ട്. എന്നാൽ ക്രഷ് എന്നതുകൊണ്ട് മകൾ ഉദ്ദേശിച്ചത് ക്ലാസിലെ ഒരു കുട്ടിയുമായി കളിക്കാനും സമയം ചിലവഴിക്കാനും മകൾ ഇഷ്ടപ്പെടുന്നുണ്ട് എന്നാണെന്നും അല്ലാതെ മറ്റൊരു ബന്ധവും അല്ലെന്നും അമ്മ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: