മുംബൈ: ആൺകുഞ്ഞിനെ ലഭിക്കാൻ ഭാര്യയെ എട്ട് തവണ ഗർഭചിദ്രത്തിനു വിധേയമാക്കി ഭർത്താവ്. മഹാരാഷ്ട്രയിലാണ് സംഭവം. 40 വയസുള്ള ഭാര്യയാണ് ഭർത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ചികിത്സയുടെ ഭാഗമായി 1500ലധികം തവണ തനിക്ക് സ്റ്റിറോയിഡ് കുത്തിവച്ചതായും പരാതിയിൽ പറയുന്നു.
മുംബൈയിലെ വിഐപി ഏരിയയായ ദാദറിൽ താമസിക്കുന്ന 40 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ അഛൻ മുൻ ജഡ്‌ജിയാണ്. 2007ലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിന് ആൺകുഞ്ഞിനെ മാത്രം മതിയെന്നായിരുന്നു നിലപാട്. ഉന്നത വിദ്യാഭ്യാസവും വലിയ സമ്പന്നരുമാണ് യുവതിയുടെയും ഭർത്താവിന്‍റെയും കുടുംബം.
യുവതിയുടെ ഭർത്താവും അമ്മയും അഭിഭാഷകരാണ്. കല്യാണം കഴിഞ്ഞ് ചില വർഷങ്ങൾ കഴിഞ്ഞതിനു പിന്നാലെ തന്നെ പീഡനം തുടങ്ങിയിരുന്നു. ആൺകുഞ്ഞിനെ വേണമെന്ന് പറഞ്ഞായിരുന്നു മർദനം. കുടുംബവും സ്വത്തും സംരക്ഷിക്കാൻ ആൺ കുഞ്ഞിനേ കഴിയു എന്നായിരുന്നു ഭർത്താവിന്‍റെ വിശ്വാസം.
ഇതിനായി എട്ട് തവണ തന്നെ ഗർഭചിദ്രത്തിനു വിധേയമാക്കി. 2009ൽ പെൺകുഞ്ഞിന് ജൻമം നൽകി. 2011ൽ വീണ്ടും ഗർഭിണിയായിരിക്കെ ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണയം നടത്തി. പെണ്ണാണെന്ന് തിരിച്ചറിഞ്ഞതോടെ ഗർഭചിദ്രം ചെയ്യിച്ചു. ഇതിനു പിന്നാലെ മുംബൈയിൽ ചികിത്സ ആരംഭിച്ചതായും യുവതി പറയുന്നു.
ബാങ്കോക്കിലും മറ്റും കൊണ്ടുപോയിട്ടാണ് ആധുനിക ചികിത്സ ചെയ്‌തത്. ഗർഭം ധരിക്കുന്നതിനു മുമ്പ് ഭ്രൂണം ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയുന്നതായിരുന്നു ചികിത്സ. ഇതിനായി ശസ്ത്രക്രിയയും നടത്തി. ഇതിന്‍റെ ഭാഗമായി 1500 തവണ തനിക്ക് സ്റ്റിറോയ്ഡ് കുത്തിവച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: