ഇടുക്കി: മുക്കുപണ്ടം നൽകി ഇടുക്കിയിലെ സ്വർണ വ്യാപാരിയിൽ നിന്നും മൂന്നു ലക്ഷം തട്ടിയെടുത്ത് മുങ്ങിയ സിനിമാ നടൻ ഗോവയിലെ ആഡംബര കപ്പലിൽ നിന്നും പിടിയിൽ. ആലുവ പോഞ്ഞാശേരി കാത്തോളിപറമ്പിൽ സനീഷ് (35) ആണ് അറസ്റ്റിലായത്. തട്ടിപ്പിനു ശേഷം കേരളം വിട്ട സനീഷിനെ വെള്ളത്തൂവൽ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. ഗോവയിലെ ആഡംബര കപ്പലിൽ ചൂതുകളിക്കിടെയാണ് സനീഷ് പിടിയിലാകുന്നത്
കഴിഞ്ഞ ജൂലൈ ഒന്നിനാണ് അടിമാലി ടൗണിനു സമീപമുള്ള കൃഷ്‌ണ ജൂവലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയത്. കേസിലെ ഒന്നാം പ്രതി അടിമാലി മുനിത്തണ്ട് അമ്പാട്ടുകുടി ജിബി കുര്യാക്കോസ് (41) നെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ജിബിയാണ് കേസിലെ മുഖ്യ പ്രതി.
കടയുടമയെ ഫോണിൽ വിളിച്ച ജിബി മറ്റൊരാൾ ആനച്ചാൽ കാർഷിക വികസന ബാങ്കിൽ 108 ഗ്രാം സ്വർണം പണയം വച്ചിട്ടുണ്ടെന്നും മൂന്നു ലക്ഷം രൂപ നൽകിയിൽ പണയം എടുത്ത് സ്വർണം നൽകാമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച കടയുടമ സ്വർണ പണിക്കാരായ രണ്ടുപേരെ മൂന്നുലക്ഷം രൂപയും നൽകി ബാങ്കിലേക്കയച്ചു.
എന്നാൽ ഇവരെ കബളിപ്പിച്ച് മുക്കുപണ്ടം നൽകിയ പ്രതികൾ ഉടമയിൽ നിന്നും പണം വാങ്ങി മുങ്ങുകയായിരുന്നു. പെരുമ്പാവൂർ സ്വദേശി നൗഷാദും സംഘത്തിലുണ്ടായിരുന്നു. സനീഷും നൗഷാദും കേരളം വിട്ടതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
സനീഷ് ഗോവയിലുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെയെത്തിയത്. ആഡംബര കപ്പലിൽ വേഷം മാറി കയറിയ പൊലീസ് സനീഷിനെ പരിചയം ഭാവിച്ച് കുടുക്കുകയായിരുന്നു. പെരിന്തൽമണ്ണ, റാന്നി, കുന്നത്തുനാട്, ആലുവ ഈസ്റ്റ്, പെരുമ്പാവൂർ തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലെല്ലാം ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. പ്രേമം, സ്റ്റാന്‍റപ്പ് കോമഡി, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: