ചെന്നൈ: സിനിമാ ഷൂട്ടിങ് ലൊക്കേഷനിലെത്തിയ ആദായ നികുതി വകുപ്പ് അസാധാരണമായ നീക്കത്തിലൂടെയാണ് നടൻ വിജയെ കസ്റ്റഡിയിലെടുത്തത്. നടൻ രജനീകാന്ത് ഉൾപ്പെടെ ആദായ നികുതി കേസുകൾ കഴിഞ്ഞ ദിവസം റദ്ദാക്കിയതായി വകുപ്പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പൗരത്വ നിയമത്തെ അനുകൂലിച്ച് രജനീകാന്ത് രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും സൂപ്പർ താരം വിജയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്.
ഇതോടെ സമ്മിശ്ര റിപ്പോർട്ടുകളാണ് തമിഴ് സിനിമാ ലോകത്തു നിന്നും പുറത്തു വരുന്നത്. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് സൂപ്പർ താരങ്ങളെ ഭീതിയിലാക്കി ഒപ്പം ചേർക്കാനുള്ള ബിജെപിയുടെ തന്ത്രമായും സംഭവത്തെ കാണുന്നവരുണ്ട്. നിലവിൽ രജനീകാന്ത് ബിജെപി അനുകൂല നിലപാടുകളുമായി രംഗത്തെത്തിയതോടെ വിജയെ കൂടി കൈയിലെടുക്കാൻ നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നാണ് സൂചന. വിജയുമായി ബിജെപി നേതാക്കൾ മുൻപും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ വിജയ് വഴങ്ങാതെ വന്നതാണ് നിലവിലെ നീക്കങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ടുണ്ട്.
നെയ്‌വേലിയിൽ മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് വിജയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി മാറ്റി. ചോദ്യം ചെയ്യൽ പൂർത്തിയായെന്നും നാളെ മുതൽ ഷൂട്ടിങ് ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തെ എജിഎസ് എന്‍റർടെയ്ൻമെന്‍റ് നിർമിച്ച ബീഗിൾ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് നിലവിലെ ചോദ്യം ചെയ്യൽ. ഇതുമായി ബന്ധപ്പെട്ട് 20 ഇടങ്ങളിൽ ഇന്ന് രാവിലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 180 കോടി ബജറ്റിലായിരുന്നു ചിത്രത്തിന്‍റെ നിർമാണം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: