ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ മുത്തൂറ്റ് ശാഖാ മാനേജരെ തല്ലിച്ചതച്ച സി.ഐ.ടിയു പ്രവർത്തകരെ പിടികൂടാതെ പൊലീസ്. ബുധനാഴ്ച്ച വൈകിട്ടാണ് വണ്ടിപ്പെരിയാർ ശാഖയിലെത്തിയ മുത്തൂറ്റ് മാനേജർ മുരിക്കാശേരി സ്വദേശി ജെബി അഗസ്റ്റിനെതിരെ ആക്രമണം നടത്തിയത്. പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. എ.എസ്.ഐ അടക്കമുള്ള പൊലീസ് നോക്കി നിൽക്കെയാണ് ശാഖാ മാനേജരെ സി.ഐ.ടി.യു പ്രവർത്തകർ കണ്ണിൽ ചോരയില്ലാതെ തല്ലിച്ചതച്ചത്.
തല്ലരുതെന്ന് കേണപേക്ഷിക്കുമ്പോഴും മർദനം തുടർന്നു. 12ലേറെ വരുന്ന പ്രവർത്തകരാണ് മർദനത്തിനു നേതൃത്വം നൽകിയെന്ന് മാനേജർ പറയുന്നു. മുത്തൂറ്റ് ശാഖകളിൽ സമരം നടക്കുന്നതിനാൽ പല ശാഖകളും പകൽ സമയങ്ങളിൽ തുറക്കാറില്ല. ഇതിനിടെ പണയം വച്ച ഉരുപ്പടി എടുത്തു നൽകാൻ സിപിഎം നേതാക്കൾ തന്നെ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ വിളിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വൈകിട്ട് ബ്രാഞ്ച് തുറന്ന് ഉരുപ്പടി എടുത്തു നൽകുന്നത് പതിവാണ്. സമാനമായി ഇന്നലെ വൈകിട്ട് ഉരുപ്പടി എടുത്തു നൽകാൻ വന്നപ്പോഴായിരുന്നു ആക്രമണം.
പൊലീസ് തന്നെ ദൃക്സാക്ഷിയായിട്ടും അക്രമികളെ പിടികൂടാൻ തയാറായിട്ടില്ല. പ്രവർത്തകരെ ഭയന്നാണ് പൊലീസ് ഇതിനു തയാറാകാത്തതെന്നും ആക്ഷേപമുണ്ട്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് വണ്ടിപ്പെരിയാറ്റിൽ അക്രമികൾ അഴിഞ്ഞാടിയതെന്നും റിപ്പോർട്ടുണ്ട്. ഏതാനും ദിവസം മുൻപ് കട്ടപ്പനയിലും സമാനമായി മുത്തൂറ്റ് ജീവനക്കാരിക്ക് നേരെ അക്രമണം നടന്നിരുന്നു. ഭരിക്കുന്ന പാർട്ടി ആയതിനാൽ അക്രമികളെ സംരക്ഷിക്കാനാണ് പൊലീസിനും താൽപര്യം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: