ലണ്ടൻ: നവംബർ ആദ്യ വാരം കോവിഡ് വാക്‌സിൻ വിതരണത്തിനു തയാറാകുമെന്ന് റിപ്പോർട്ട്. ഓക്‌സ് ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് വിതരണത്തിനു തയാറെടുക്കുന്നത്. ലണ്ടനിലെ മുൻ നിര ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ സൺ ആണ് വിവരം പുറത്തു വിട്ടത്. വാർത്താ ഏജൻസിയായ റോയിട്ടേർഴ്‌സും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആശുപത്രിക്ക് നിർദ്ദേശം കിട്ടിയെന്നാണ് റിപ്പോർട്ട്. മരുന്ന് കമ്പനിയായ ആസ്ട്ര സെനകയുമായി ചേർന്നാണ് ഓക്‌സ്‌ഫഡ് സർവകലാശാല കോവിഡ് വാക്‌സിൻ വികസിപ്പിച്ചത്. ലണ്ടനിലെ എൻ.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള ജോർജ് ഏലിയറ്റ് ആശുപത്രിക്കാണ് കോവിഡ് വാക്‌സിൻ വിതരണത്തിന് ഒരുങ്ങാനുള്ള നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാവും കോവിഡ് വാക്‌സിൻ ആദ്യം സ്വീകരിക്കുക. അടുത്ത ആഴ്ച്ചയോടെ വിതരണത്തിനുള്ള കോവിഡ് വാക്‌സിൻ ആശുപത്രിയിൽ എത്തിക്കുമെന്നാണ് വിവരം. ആഗോളതലത്തിൽ തന്നെ കോവിഡ് വാക്‌സിൻ വിതരണം നടത്തുന്ന ആദ്യ ആശുപത്രികളിലൊന്നാവാൻ പോകുന്ന ജോർജ് ഏലിയറ്റ് ആശുപത്രിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ അണിയറയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ലണ്ടൻ പൊലീസിന്‍റെ സേവനം ഇതിനായി ഉപയോഗിച്ചേക്കും. ലോകം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനുകളുടെ സുരക്ഷ ഉറപ്പാക്കാനും വാക്‌സിൻ വിരുദ്ധരിൽ നിന്നും പ്രതിഷേധമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്തുമാണ് ആശുപത്രിക്ക് സുരക്ഷാ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.
നവംബർ രണ്ടു മുതൽ വാക്‌സിൻ വിതരണം നടക്കുന്ന രീതിയിൽ തയ്യാറെടുപ്പുകൾ നടത്താനാണ് ആശുപത്രിക്ക് കിട്ടിയ നിർദ്ദേശം. ആറു മാസം കൊണ്ട് മുഴുവൻ പൗരന്മാർക്കും വാക്‌സിൻ നൽകാനുള്ള പദ്ധതി നേരത്തെ തന്നെ ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയിരുന്നു. നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യ വാരത്തോടെയോ കോവിഡ് വാക്‌സിൻ സുരക്ഷിതമാണോ എന്ന് വ്യക്തമാക്കുമെന്നു വൈറ്റ് ഹൗസ് ആരോഗ്യവിദഗ്ദ്ധൻ ആൻ്റണി ഫൗസി വ്യക്തമാക്കിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: