
അബുദാബി: ഐപിഎല്ലിൽ ഇന്ന് മലയാളി താരങ്ങളുട നേർക്കുനേർ പോരാട്ടം. ഷാർജയിൽ വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം. സീസണിലെ നാലാം മത്സരത്തിനിറങ്ങുന്ന സഞ്ജുവും ദേവ്‌ദത്ത് പടിക്കലും തമ്മിൽ നേർക്കു നേർ പോരാടുന്നുവെന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. ബാറ്റിങ്ങിൽ വിസ്‌മയം തീർത്ത സഞ്ജുവിനെ മറികടക്കുന്ന പ്രകടനം കാഴ്ച്ച വയ്ക്കാനായിരിക്കും ദേവ്‌ദത്തിന്‍റെ ശ്രമം.
രാജസ്ഥാൻ ബാറ്റിങിന്‍റെ നെടുന്തൂണായ സഞ്ജു മൂന്ന് കളിയിൽ 167 റൺസ് നേടിക്കഴിഞ്ഞു. പഞ്ചാബിനെതിരെ 74ഉം ചെന്നൈയ്ക്കെതിരെ 85ഉം റൺസ് വീതം നേടി. കൊൽക്കത്തയ്‌ക്കെതിരെ എട്ട് റൺസിന് മടങ്ങി. ഇതിനകം ആറ് ബൗണ്ടറികളും പതിനാറ് സിക്സറുകളും സഞ്ജുവിന്‍റെ പേരിനൊപ്പമുണ്ട്. ഐപിഎല്‍ കരിയറില്‍ ആകെ 96 കളിയിൽ 2376 റൺസാണ് സഞ്ജുവിന്‍റെ സമ്പാദ്യം. കൂറ്റൻ ഷോട്ടുകൾ കളിക്കുമ്പോഴും ബാറ്റിങിന്‍റെ സൗന്ദര്യം അൽപംപോലും നഷ്ടപ്പെടുന്നില്ല എന്നതാണ് സഞ്ജുവിന്‍റെ പ്രത്യേകത.
അതേസമയം സഞ്ജുവിനു മുറപടി നൽകാൻ എതിർപക്ഷത്തുള്ളത് മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലായിരിക്കും. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കൽ മൂന്ന് കളിയിൽ നേടിയത് 111 റൺസ്. ഹൈദരാബാദിനെതിരെ 56ഉം മുംബൈക്കെതിരെ 54ഉം റൺസ് അടിച്ചെടുത്തു. പഞ്ചാബിനെതിരെ ഒരു റൺസിന് പുറത്തായി. രണ്ട് സിക്സും 13 ബൗണ്ടറികളുമാണ് ദേവ്ദത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. കർണാടകയുടെ മലയാളി താരമാണ് ഇരുപതുകാരനായ ദേവ്ദത്ത് പടിക്കൽ. അബുദാബിയില്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്‌ക്കാണ് ഇന്നത്തെ ആദ്യ കളി. ഡെൽഹി കാപിറ്റല്‍സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടമാണ് ആദ്യം നടക്കുക.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: