കൊച്ചി: പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസിൽ നടപടികൾ വേഗത്തിലാക്കി പൊലീസ്. തുടർ അന്വേഷണത്തിന്‍റെ ഭാഗമായി കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള പൾസർ സുനി, നടൻ ദിലീപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. നിലവിൽ വിയ്യൂർ ജയിലിലുള്ള പൾസർ സുനിയെ ചോദ്യം ചെയ്‌തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക.
ഇതിന്‍റെ നടപടി ക്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. തുടർ അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈൽ ഫോൺ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു.
ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയെ ചോദ്യം ചെയ്യാനായി പൊലീസ് സംഘം ആദ്യം കോടതിയിൽ അപേക്ഷ നൽകും.
ഇതിനു ശേഷം ആയിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. അതിനിടെ തുടർ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഇത് സംബന്ധിച്ച് തീരുമാനമെടുക്കും എന്നാണ് സൂചന.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: