
ക്ലബ് കരിയറിൽ ആദ്യമായി മെസി ചുവപ്പ് കാർഡ് കണ്ട സ്‌പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സിലോണയ്ക്ക് തോൽവി. അത്‌ലറ്റിക് ക്ലബിനോടാണ് ബാഴ്‌സിലോണ പരാജയം ഏറ്റുവാങ്ങിയത്.
1-0, 2-1 എന്നിങ്ങനെ മുന്നിൽ നിന്ന ബാഴ്‌സിലോണയിൽ നിന്നും അത്‌ലറ്റിക് ക്ലബ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഓസ്കാർ ഡി മാർക്കോസ്, അസിയർ വില്ലാലിബ്രെ, ഇനാകി വില്ല്യംസ് എന്നിവരാണ് അത്‌ലറ്റിക് ക്ലബിന്‍റെ ഗോൾ സ്കോറർമാർ.
അൻറോയിൻ ഗ്രീസ്മാനാണ് ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത്. പരാജയത്തിനിടയിൽ സൂപ്പർ താരം ലയണൽ മെസിക്ക് ചുവപ്പുകാർഡ് ലഭിച്ചത് ബാഴ്സയ്ക്ക് മറ്റൊരു തിരിച്ചടിയായി. മെസിയുടെ ക്ലബ് കരിയറിൽ ആദ്യത്തെ ചുവപ്പു കാർഡാണ് ഇന്നലെ ലഭിച്ചത്. വില്ലാലിബ്രെയെ ഫൗൾ ചെയ്തതിനാണ് മെസിക്ക് മാർച്ചിംഗ് ഓർഡർ ലഭിച്ചത്.
പ്രതിരോധത്തിലെ പാകപ്പിഴകളാണ് ബാഴ്സലോണയ്ക്ക് തിരിച്ചടി ആയത്. 40ആം മിനിട്ടിൽ അൻറോയിൻ ഗ്രീസ്മാൻ ബാഴ്സലോണയെ മുന്നിലെത്തിച്ചു. മെസിയുടെ ഷോട്ട് റീബൗണ്ട് ചെയ്തായിരുന്നു ഗ്രീസ്മാന്‍റെ ഗോൾ. 2 മിനിട്ടുകൾക്കുള്ളിൽ അത്‌ലറ്റിക് ക്ലബ് തിരിച്ചടിച്ചു.
ഇനാകി വില്ല്യംസിന്‍റെ പാസിൽ നിന്ന് ഓസ്കാർ നേടിയ ഗോളിൽ ആദ്യ പകുതി 1-1 എന്ന് സമനില. 77ആം മിനിട്ടിലാണ് മത്സരത്തിലെ അടുത്ത ഗോൾ പിറന്നത്. ഡെംബലെയുമായിച്ചേർന്ന് നടത്തിയ വൺടൂവിനൊടുവിൽ ആൽബ നൽകിയ ക്രോസ് വലയിലേക്കു തിരിച്ചുവിട്ട് ഗ്രീസ്മാൻ വീണ്ടും ബാഴ്സയെ മുന്നിലെത്തിച്ചു.
എന്നാൽ, കളി അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെ 90ആം മിനിട്ടിൽ അസിയറുടെ ഗോൾ കളി വീണ്ടും സമനിലയാക്കി. ഒരു ഫ്രീകിക്കിൽ നിന്നാണ് താരം ടെർ സ്റ്റീഗനെ കീഴ്പ്പെടുത്തിയത്. അധികസമയത്തിനു 3 മിനിട്ട് പ്രായമായപ്പോൾ അത്‌ലറ്റിക് ക്ലബ് വിജയഗോൾ നേടി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: