ഇടുക്കി: കേരള- തമിഴ്നാട് അതിർത്തിയിൽ തമിഴ്‌നാട് വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്‍റെ ആക്രമണം. തോക്കും വാക്കത്തിയും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. സംഘത്തിൽ നിന്നും തോക്കും മറ്റ് ആയുധങ്ങളും മാൻകൊമ്പും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച്ച രാത്രി 11 ഓടെയായിരുന്നു സംഭവം.
കേരള-തമിഴ്‌നാടും അതിർത്തി പ്രദേശതമായ ചെല്ലാകോവിൽ വനമേഖലയിലായിരുന്നു ആക്രമണം. രാത്രികാല പട്രോളിങിന് എത്തിയ തമിഴ്നാട് വനപാലകരുമായാണ് നായാട്ട് സംഘം ഏറ്റുമുട്ടിയത്. നായാട്ടു കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴ് അംഗ സംഘം അപ്രതീക്ഷിതമായി വനപാലകർക്ക് മുന്നിൽപെടുകയും രക്ഷപെടാനായി ഉദ്യോഗസ്ഥർക്ക് നേരെ തോക്കുചൂണ്ടുകയുമായിരുന്നുവെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ പറയുന്നു.
ഇതോടെ ഉദ്യോഗസ്ഥരും നായാട്ട് സംഘവുമായി പിടിവലി നടക്കുകയും വെടിപൊട്ടുകയും ചെയ്‌തു. എന്നാൽ ആർക്കും വെടിയേറ്റിട്ടില്ല. ഇതിനിടെ സംഘത്തിൽപെട്ട ഒരാൾ വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഫോറസ്റ്റ് വാച്ചറായ കാജാമൊയ്തീനാണ് പരുക്കേറ്റത്. തലയ്ക്ക് വെട്ടേറ്റ ഇദ്ദേഹത്തെ പുറ്റടി ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
മറ്റൊരു ഉദ്യോഗസ്ഥനും വെട്ടേറ്റിട്ടുണ്ട്. വണ്ടൻമേട് പൊലീസും തമിഴ്‌നാട് പൊലീസും രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. നായാട്ട് സംഘത്തിൽ ഏഴിലധികം ആളുകൾ ഉണ്ടായിരുന്നതായി വനപാലകർ പറഞ്ഞു. ഇവരിൽ നിന്നും നായാട്ടിന് ഉപയോഗിക്കുന്ന തോക്ക്, വെട്ടുകത്തി, മാൻ കൊമ്പ് ഒരു ചാക്ക് കെട്ട് എന്നിവ പിടിച്ചെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: