ചെന്നൈ: കുളിക്കുന്നതിനിടെ ക്ഷേത്ര കുളത്തിലെ ചുഴിയിൽ വീണ 14 കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ മുങ്ങി മരിച്ചു. തിരുവള്ളൂർ ജില്ലയിലെ പുതു ഗുമ്മിഡിപ്പൂണ്ടിയിലാണ് നാടിനെ നടുക്കിയ സംഭവം. അമ്മയും മകളുമടക്കമുള്ളവരാണ് മുങ്ങി മരിച്ചത്. അങ്കലമ്മന്‍ ക്ഷേത്രക്കുളത്തിലെത്തിയ അഞ്ച് പേർക്കാൻ ജീവൻ നഷ്ടമായത്.
ബുധനാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. ക്ഷേത്രക്കുളത്തിൽ കുളിക്കാനായി എത്തിയ സംഘത്തിൽ ഉണ്ടായിരുന്ന നര്‍മദ (14) എന്ന പെണ്‍കുട്ടിയാണ് ചുഴിയിൽപ്പെട്ടത്. ഇത് കണ്ട് രക്ഷപെടുത്താൻ ഇറങ്ങിയ നാലുപേരും അപകടത്തിൽപ്പെടുകയായിരുന്നു. നര്‍മദയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജീവിതയും അശ്വതയും അശ്വതയുടെ അമ്മ സുമതിയും ജ്യോതി എന്ന മറ്റൊരാളുമാണ് മുങ്ങിമരിച്ചത്.
ഈ സമയത്ത് അപകടത്തിൽപ്പെട്ടവരെ കൂടാതെ അശ്വതയുടെ സഹോദരനായ കൊച്ചുകുട്ടി മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും രക്ഷപെടുത്താനായില്ല. കുളത്തിന്‍റെ മധ്യഭാഗത്ത് ആഴം കൂടുതലായതിനാൽ ആരും ഇറങ്ങാൻ തയ്യാറായില്ല.
പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. അഞ്ചു പേരുടെയും പോസ്റ്റ് മോര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: