
ഇടുക്കി: ഭാര്യ പിണങ്ങിപ്പോയതിനു ഭാര്യാ സഹോദരനെതിരെ വിമുക്ത ഭടൻ വെടിയുതിർത്തതായി പരാതി. സംഭവത്തിൽ വിമുക്ത ഭടൻ നെടുങ്കണ്ടം മാവടി ഏഴൂർമറ്റം സിബി (48) അറസ്റ്റിലായി. ഇയാളുടെ പക്കൽ നിന്നും തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. ഡബിൾ ബാരൽ ഗൺ ഉപയോഗിച്ചായിരുന്നു വെടിവയ്പ്പ്.
ഭാര്യാ സഹോദരൻ വെടികൊള്ളാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് വിവരം. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പട്ടാളത്തിൽ നിന്നും വിരമിച്ചെത്തിയ സിബിയും ഭാര്യയും തമ്മിൽ പിണങ്ങിക്കഴിയുകയായിരുന്നു. മാസങ്ങളായി ഭാര്യ മടങ്ങി വരാതിരിക്കുന്നതിനു കാരണം ഭാര്യാ സഹോദരനാണെന്നായിരുന്നു സിബിയുടെ ധാരണ. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് വെടിവെയ്പ്പിൽ കലാശിച്ചത്.
വ്യാഴാഴ്ച ഉച്ചക്കു ശേഷം മദ്യലഹരിയിൽ കഠാരയുമായി എത്തിയ സിബി ഭാര്യ സഹോദരനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. ഇതിനു പിന്നാലെ തോക്കുമായെത്തി വെടിവെയ്ക്കുകയായിരുന്നു. ലക്ഷ്യസ്ഥാനം തെറ്റിയ വെടിയുണ്ട മറ്റൊരു സ്ഥലത്ത് പതിച്ചതായാണ് വിലയിരുത്തൽ. അതേസമയം വെടിയുണ്ട കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടങ്ങി.
ലൈസൻസുള്ള തോക്കുപയോഗിച്ചാണ് വെടിവെയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. വെടിവെയ്പ്പ് നടന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തോക്കും തിരകളും കണ്ടെത്തിയെങ്കിലും വെടിവെയ്പ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വെടിയുണ്ട കണ്ടെത്തിയാൽ മാത്രമെ സ്ഥിരീകരണം ഉണ്ടാവുകയുള്ളു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: