ഇടുക്കി: നാട്ടിൽ പോകാൻ വണ്ടിക്കൂലി ചോദിച്ച ഇതര സംസ്ഥാന തൊഴിലാളിയെ ഹെൽമറ്റു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കരുണാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിൽ പരുക്കേറ്റ തൊഴിലാളി തൂക്കുപാലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ തൊഴിലുടമയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കരുണാപുരത്ത് ഇഷ്ടിക നിര്‍മാണ ശാലയില്‍ ജോലി ചെയ്തിരുന്ന നേപ്പാള്‍ റോത്താഡ് സ്വദേശിയായ ലാല്‍ കിഷോര്‍ ചൗധരി (25)ക്കാണ് തലക്ക് അടിയേറ്റത്. ഇഷ്ടിക നിര്‍മാണ ശാല ഉടമയായ നാക്കുഴിക്കാട്ട് ബിജു സ്‌കറിയ (45)യാണ് മദ്യലഹരിയില്‍ ഹെല്‍മെറ്റിന് അതിഥി തൊഴിലാളിയുടെ തലക്കടിച്ചത്. ബിജുവിന്‍റെ കട്ടക്കളത്തില്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്യുന്നയാളാണ് ലാല്‍ കിഷോര്‍ ചൗധരി.
ലോക്ഡൗണിനെ തുടര്‍ന്ന് പണി ഇല്ലാതായതോടെ ഇയാള്‍ ഉള്‍പ്പടെ ആറ് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചു പോകുവാന്‍ വണ്ടിക്കൂലി ചോദിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് സ്ഥാപന ഉടമ അതിഥി തൊഴിലാളിയെ ആക്രമിച്ചതെന്ന് കമ്പംമെട്ട് പോലീസ് പറഞ്ഞു. തൊഴിലാളികളെ തിരികെ വിടാന്‍ ആവില്ലെന്ന് ബിജു പറഞ്ഞതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനുശേഷം കരുണാപുരം ടൗണില്‍ എത്തിയ അതിഥി തൊഴിലാളികള്‍ക്ക് നേരെ ബിജു കാറിടിച്ചുകയറ്റാന്‍ ശ്രമിച്ചു.
തൊഴിലാളികള്‍ ഓടി രക്ഷപെട്ടതിനാല്‍ അപകടം ഒഴിവായി. ഇതിന്‍റെ സി.സി. ടി.വി.ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ ബിജുവിനെ തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനു ശേഷം തിരികെ ഇഷ്ടിക നിര്‍മാണ ശാലയില്‍ എത്തിയ ബിജു കത്തി ഉപയോഗിച്ച് തൊഴിലാളികളെ ആക്രമിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍നിന്ന് കുതറിയോടുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് തൊഴിലാളിയെ ബിജു ഹെല്‍മറ്റിന് തലക്കടിച്ച് വീഴ്ത്തിയത്. പ്രതിക്കെതിരെ വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: