പാലക്കാട്: കേരളത്തെ നടുക്കിയ കൂടത്തായി മോഡൽ കൊലപാതക ശ്രമം പാലക്കാട്ടും. ഭർതൃപിതാവിനെ കൊലപ്പെടുത്താൻ യുവതി ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത് രണ്ട് വർഷത്തോളമാണ്. കേസിൽ പ്രതിയായ കരിമ്പുഴ സ്വദേശിനി ഫസീലയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു.
ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 മുതല്‍ 2015 വരെ ഭർതൃപിതാവായ മുഹമ്മദിന്(59) രണ്ട് വർഷത്തോളം ഭക്ഷത്തിൽ മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. നിരന്തരം വയറുവേദനയും ഛർദിയും അനുഭവിച്ച മുഹമ്മദ് ചികിത്സയിലായിരുന്നു.
ഇതിനിടയിലാണ് ഫസീല ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഭര്‍ത്താവിന്‍റെ മുത്തശിയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന കേസിലും ഒറ്റപ്പാലം കോടതിയില്‍ ഫസീല വിചാരണ നേരിടുകയാണ്.
മുഹമ്മദിന്‍റെ പരാതിയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും പൊലീസ് മെത്തോമൈല്‍ കണ്ടെത്തിയിരുന്നു. ഇതേ വിഷാംശത്തിന്‍റെ സാന്നിധ്യമാണ് മുഹമ്മദിന്‍റെ ശരീരത്തിലും കണ്ടെത്തിയത്. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് പിഴ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: