ഇടുക്കി: വിദേശ ജോലി വാഗ്ദാനം ചെയ്‌ത് ഇടുക്കി സ്വദേശികളിൽ നിന്നടക്കം കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. തലശേരി പുതിയ മാളിയേക്കൽ മുഹമ്മദ് ഒനാസിനെയാണ് (42) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒന്നര കോടി രൂപയോളമാണ് ഇയാളും സംഘവും തട്ടിയെടുത്തത്. ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. പ്രതിയെ കണ്ണൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
2019 ലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. കട്ടപ്പന സ്വദേശിയായ പൂതക്കുഴി ലിയോ എന്നയാൾ വഴി കട്ടപ്പന സ്വദേശികൾ ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള 27 പേരിൽ നിന്നാണ് ജോലി വാഗ്ദാനം ചെയ്ത് ആറംഗ സംഘം പണം തട്ടിയത്. വഞ്ചിക്കപ്പെട്ട കട്ടപ്പന സ്വദേശികളുടെ പരാതിയിൽ ഒന്നാം പ്രതി ചേർത്തല സ്വദേശിനി വിദ്യാ പയസിനെ പൊലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് രണ്ട് പേർ കൂടി പിടിയിലായി. കേസിലെ അഞ്ചാം പ്രതിയാണ് മുഹമ്മദ് ഒനാസിസ്. വിദേശത്തേയ്ക്ക് കടന്ന പ്രതിയ്ക്കെതിരെ ലുക്കൗട്ട് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ നിന്ന് തിരികെ പഞ്ചാബിലെ ജലന്തറിൽ എത്തിയ പ്രതിയെ ജലന്തർ പൊലീസ് പിടികൂടി കേരളത്തിലെത്തിക്കുകയായിരുന്നു.
ആറോളം സ്റ്റേഷനുകളിൽ വഞ്ചനാ കുറ്റത്തിന് ഇയാൾക്കെതിരെ കേസുണ്ട്. കട്ടപ്പന സി.ഐ വിശാൽ ജോൺസൺ, എസ്.ഐമാരായ സാബു തോമസ്, എം.പി. മോനച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: