
ചെന്നൈ: മലയാളിയായ മന്ത്രവാദി പറഞ്ഞതനുസരിച്ച് നിധി തേടി കുഴി കുത്തിയ രണ്ട് പേർ വിഷ വായു ശ്വസിച്ച് മരിച്ചു. തൂത്തുക്കുടിയിലാണ് ദാരുണമായ സംഭവം നടന്നത്. രഘുപതി(47), സാത്താങ്കുളം സ്വദേശി നിര്‍മ്മല്‍ ഗണപതി(19) എന്നിവരാണ് മരിച്ചത്. 50 അടിയോളം താഴ്‌ച്ചയിൽ ഇവർ കുഴി കുത്തിയതോടെയാണ് വിഷ വായു ശ്വസിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തിരുവള്ളൂര്‍ കോളനിയിലെ മുത്തയ്യ എന്നയാളോട് വീടിന് പിൻ വശത്തെ പറമ്പില്‍ നിധിയുണ്ട് എന്നാണ് മലയാളിയായ മന്ത്രവാദി പറഞ്ഞത്.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി മുത്തയ്യയുടെ മക്കള്‍ മറ്റ് ചിലരുടെ സഹായത്തോടെ കുഴി എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞു. മോട്ടോര്‍ വെച്ച് ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിലിറങ്ങിയപ്പോഴാണ് രണ്ട് പേര്‍ വിഷ വായു ശ്വസിച്ച് മരണപ്പെട്ടത്. അതേസമയം മുത്തയ്യയുടെ വീടിന് സമീപത്തുനിന്ന് തലയോട്ടികളും മന്ത്രവാദം നടത്താൻ ഉപയോഗിച്ച ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
നരബലി ഉൾപ്പടെയുള്ള കാര്യങ്ങൾ ഇവിടെ നടന്നിരുന്നതായാണ് സൂചനയുണ്ട്. സാത്താങ്കുളം ഡി.എസ്.പി ഗോഡ്വിന്‍ ജഗദീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുത്തയ്യയെയും മക്കളെയും വിളിപ്പിച്ചു പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ആവശ്യം വന്നാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
സാത്താങ്കുളത്ത് താമസിച്ചിരുന്ന മലയാളി മന്ത്രവാദിയുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ഇയാൾ നാടുവിട്ടതായാണ് പൊലീസിന് ലഭിച്ച സൂചന. മന്ത്രവാദിയെ കണ്ടെത്താനുള്ള തിരച്ചില്‍ നടക്കുകയാണ്. തെക്കൻ കേരളത്തിൽ നിന്നുള്ള ഈ മന്ത്രവാദി വർഷങ്ങളായി സാത്താങ്കുളത്തും സമീപപ്രദേശങ്ങളിലും മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
Post A Comment: