
ലക്‌നൗ: ഷേവിങ് ബ്ലേഡ് ഉപയോഗിച്ച് നടത്തിയ സിസേറിയനു വിധേയയായ യുവതിയും നവജാത ശിശുവും മരിച്ചു. ഉത്തർപ്രദേശിലാണ് കേട്ടാൽ ഞെട്ടുന്ന സംഭവം ഉണ്ടായിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഇവിടെ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയിരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യുപി സുൽത്താൻപുരിലെ സൈനി സ്വദേശി പൂനം എന്ന 33 കാരിയും അവരുടെ നവജാതശിശുവുമാണ് മരിച്ചത്.
സംഭവത്തിൽ മാ ശാരദ എന്ന പേരുള്ള ആശുപത്രി ഉടമ രാജേഷ് സാഹ്നി ഇവിടെ ശസ്ത്രക്രിയകൾ നടത്തി വന്നിരുന്ന രാജേന്ദ്ര ശുക്ല എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ചയാളാണ് രാജേന്ദ്ര ശുക്ല.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പൂനത്തിന് പ്രസവ വേദന അനുഭവപ്പെട്ടത്. ഭർത്താവ് രാജാറാം ഇവരെ ആദ്യം ഗ്രാമത്തിലെ ഒരു വയറ്റാട്ടിയുടെ അരികിലാണെത്തിച്ചതെങ്കിലും പിന്നീട് ഇവരുടെ നിർദേശ പ്രകാരം ഡീഹിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിൽ യുവതിയുടെ നില അൽപം മോശമാണെന്ന് കണ്ടതോടെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്കെത്തിക്കാൻ ജീവനക്കാർ നിർദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് മാ ശാരദ ആശുപത്രിയിലെത്തിച്ചത്.
ഇവിടെ വച്ച് രാജേന്ദ്ര ശുക്ല യുവതിയെ സിസേറിയന് വിധേയയാക്കി. ഷേവിങ് റേസർ ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ യുവതിക്ക് അമിതമായി രക്തസ്രാവമുണ്ടായി. അടുത്തെങ്ങും മറ്റ് ആശുപത്രികളില്ലാത്തതിനാൽ 140 കിലോമീറ്റർ അകലെയുള്ള കെജിഎംയു ട്രോമ സെന്‍ററിലാണ് തുടർന്ന് യുവതിയെ എത്തിച്ചത്. അപ്പോഴേക്കും സിസേറിയൻ മുറിവിലുണ്ടായ അമിത രക്തസ്രാവത്തിൽ യുവതി മരണത്തിന് കീഴടങ്ങിയിരുന്നു.
പിന്നാലെ തന്നെ പൂനത്തിന്‍റെ ഭർത്താവ് രാജാറാം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആശുപത്രി ഉടമ രാജേഷ് സാഹ്നി, രാജേന്ദ്ര ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.
മുറി വൈദ്യന്മാരും വയറ്റാട്ടികളുമൊക്കെയാണ് ഈ ആശുപത്രിയിലെ ജീവനക്കാരായി ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ശസ്ത്രക്രിയകൾ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഒരു നഴ്സിംഗ് ഫെസിലിറ്റിയാണ് രാജേഷ് സാഹ്നി നടത്തി വന്നിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റേസർ ബ്ലേഡുകൾ ഇവിടുത്തെ മുറി വൈദ്യന്മാർ ശസ്ത്രക്രിയകൾ നടത്താൻ ഉപയോഗിച്ചിരുന്നത്' സുല്‍ത്താൻപുർ എസ്പി അരവിന്ദ് ചതുർവേദി പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: