ഭോപ്പാൽ: കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ 30 പേരിൽ നാല് പേർ മരിച്ചു. വിദിശ ജില്ലയിലെ ഗഞ്ച് ബസോഡയിൽ വ്യാഴാഴ്ച്ചയാണ് സംഭവം. 19 പേരെ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചുറ്റുമതിൽ ഇടിഞ്ഞാണ് 30 ഗ്രാമീണർ കിണറ്റിൽ വീണത്. കൂടുതൽ ആളുകൾ തിക്കിത്തിരക്കിയതിനെ തുടർന്നാണ് മതിൽ ഇടിഞ്ഞത്. 50 അടി ആഴമുള്ള കിണറ്റിൽ 20 അടി വെള്ളമാണുള്ളത്.
രക്ഷാപ്രവർത്തനം തുടരുകയാണ് എന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി ഒൻപതോടെയാണ് കുട്ടി കിണറ്റിൽ വീണത്. തുടർന്ന് കുട്ടിയെ രക്ഷിക്കാനായി ഗ്രാമീണർ തടിച്ചു കൂടി. ചിലർ കിണറ്റിൽ ഇറങ്ങി.
കൂടുതൽ ആളുകൾ കയറി നിന്നതോടെ മതിൽ ഇടിഞ്ഞ് ഗ്രാമീണർ കിണറ്റിൽ വീഴുകയായിരുന്നു. രാത്രി 11 ഓടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ട്രാക്റ്ററും നാലു പൊലീസുകാരും തെന്നി കിണറ്റിൽ വീണതായും റിപോർട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും. സൗജന്യമായി ഇവരെ ചികിൽസിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: