ഇടുക്കി: കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർത്തു. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ കൽകൂത്തൽ ടൗണിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പൊട്ടിവീണ 11 കെ.വി. വൈദ്യുത കമ്പികളിൽ തട്ടി മറ്റൊരു ഇരുചക്ര വാഹനവും അപകടത്തിൽപെട്ടു. കാർ യാത്രികരും ബൈക്ക് യാത്രികരും വൻ ദുരന്തത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.
കനത്ത മഴ പെയ്യുന്ന സമയത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടിവീണെങ്കിലും മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. വിവരം അറിഞ്ഞ് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുത ബന്ധം ഉടൻ വിഛേദിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് വൈദ്യുതി ലൈൻ റോഡിൽ വീണതറിയാതെ എത്തിയ ബൈക്ക് യാത്രികൻ അപകടത്തിൽപെടുന്നത്.
റോഡിനു ഒരു വശം 200 അടി താഴ്ചയുള്ള അഗാധമായ കൊക്കയാണ്. വാഹനം പോസ്റ്റിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി. പ്രദേശവാസികളും, യാത്രക്കാരും, കെഎസ്ഇബി ഉദ്യോഗസ്ഥരും നെടുങ്കണ്ടം ഫയർഫോഴ്സും എത്തിയാണ് ഗതാഗത തടസം നീക്കിയത്. തകർന്ന പോസ്റ്റും പൊട്ടിവീണ വൈദ്യുത ലൈനുകളും നീക്കി തകരാർ പരിഹരിക്കാൻ കെഎസ്ഇബി ശ്രമം തുടരുകയാണ്. ജോലിക്കു ശേഷം ഉടുമ്പൻചോലയിൽ നിന്നും നെടുങ്കണ്ടത്തേക്ക് വന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: