കൊല്ലം: സുഹൃത്തിന്‍റെ പിറന്നാളാഘോഷിക്കാൻ മദ്യവുമായി കൗമാര പ്രായക്കാർക്കൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവതികളടക്കമുള്ള സംഘം പിടിയിൽ. കൊട്ടാരക്കര മുട്ടറ മരുതി മലയിൽ നിന്നാണ് സംഘം പിടിയിലായത്. കൊട്ടാരക്കരയിലെ ബാർ ജീവനക്കാരാണ് പിടിയിലായ യുവതികൾ.
അവരുടെ സുഹൃത്തുക്കളായ രണ്ടു യുവാക്കളെയും മൂന്നു കൗമാരക്കാരെയുമാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ഇയംകുന്ന് സ്വദേശികളായ അഖിൽ, ഉണ്ണി, എഴുകോൺ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും രണ്ടും ആൺകുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടു.
സംഘത്തിൽ ഉണ്ടായിരുന്ന പതിനഞ്ചുകാരന്‍റെ പിറന്നാൾ ആഘോഷിക്കാനാണ് ഏഴംഗ സംഘം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുട്ടറ മരുതി മലയിൽ എത്തിയത്. ഭക്ഷണവും പിറന്നാൾ കേക്കുമായാണ് ഇവർ എത്തിയത്. കേക്ക് മുറിച്ച ശേഷം മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തു.
അമിതമായ അളവിൽ ഇവരെല്ലാം മദ്യം കഴിച്ചു. സന്ധ്യയാകുന്നതുവരെ മരുതിമലയിൽ ഇരുന്ന് മദ്യപിച്ച സംഘം ലക്കുകെട്ട് ഒരുവിധം കൊട്ടാരക്കര അമ്പലപ്പുറം വരെ എത്തി. അവിടെവെച്ച് യുവതികളും പെൺകുട്ടികളും ഛർദ്ദിച്ച് അവശരായി. തുടർന്ന് ഇവരെ വീട്ടിലെത്തിക്കാൻ യുവാക്കൾ ഓട്ടോറിക്ഷ വിളിച്ചപ്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്.
ഓട്ടോറിക്ഷ ഡ്രൈവർമാർ കൊട്ടാരക്കര പൊലീസിൽ വിരം അറിയിക്കുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ കൊട്ടാരക്കര പൊലീസ് ഏഴുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ സഹായം ലഭ്യമാക്കി. സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിച്ചു.
പിറന്നാൾ ആഘോഷിച്ച പതിനഞ്ചുകാരന്‍റെ സുഹൃത്തുക്കളായിരുന്നു സംഘത്തിലുണ്ടായിരുന്ന യുവാക്കൾ. ഇവർ വഴിയാണ് ബാർ ജീവനക്കാരികളായ രണ്ടു യുവതികളെയും ആഘോഷത്തിന് ക്ഷണിച്ചത്. യുവതികളുടെ സുഹൃത്താണ് സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി. യുവതികളും യുവാക്കളും മുൻ പരിചയക്കാരാണ്.
വീട്ടുകാർ അറിയാതെയാണ് കുട്ടികൾ പിറന്നാൾ ആഘോഷത്തിനായി സംഘത്തിനൊപ്പം മരുതി മലയിൽ എത്തിയത്. തന്നെ നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചതെന്ന് പെൺകുട്ടി പിന്നീട് പൊലീസിനോട് പറഞ്ഞു. അതേസമയം സംഘം ബിയറാണ് കുടിച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത യുവതികളെയും യുവാക്കളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: