ലക്‌നൗ: കാമുകിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചെന്നാരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കാമുകിയുടെ ബന്ധുക്കളാണ് ക്രൂരമായി യുവാവിനെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ ജാൻഗഹ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ജീത്ത്പൂർ സ്വദേശിയായ 27കാരൻ ലൗഹർ നിഷാദ് ആണ് കൊല്ലപ്പെട്ടത്.
ഉത്തരാഖണ്ഡിൽ നിർമാണ തൊഴിലാളിയായ യുവാവ് രാംഗർഹ്താലിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിന്‍റെ അമ്മായിയുടെ വീടിന് സമീപത്താണ് പെൺകുട്ടിയുടെ വീട്. കാമുകിയെ കാണാനായി ഇടയ്ക്കിടെ നിഷാദ് അമ്മായിയുടെ വീട്ടിലെത്തുമായിരുന്നു.
തിങ്കളാഴ്ച ഇവിടെ എത്തിയ നിഷാദ് രാത്രി കാമുകിയെ ബൈക്കിൽ കയറ്റി പോവുകയായിരുന്നു. പുലർച്ചെ നാലു മണിയോടെ തിരികെ എത്തിക്കാനായി ബൈക്കിൽ പോകവെ, പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലർ ഇരുവരെയും കണ്ടു. വണ്ടി തടഞ്ഞ് നിർത്തിയ ശേഷം നിഷാദിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
സമീപവാസികൾ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ക്രൂരമർദനമേറ്റ നിഷാദിനെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറിയതിന് യുവാവിനെ മർദിച്ചുവെന്ന വിവരമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് എസ് എസ് പി ദിനേശ് കുമാർ പി പറഞ്ഞു. യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയിൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിഷാദിനെ മർദിച്ച അഞ്ചുപേരുടെ പേരുവിവരങ്ങൾ അടക്കമാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: