ഇടുക്കി: പട്ടാപ്പകൽ വയോധികയായ വീട്ടമ്മയെ കടയ്ക്കുള്ളിലിട്ട് പെട്രൊളൊഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പെടെയുള്ള പ്രതികൾ റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതികളെ റിമാൻഡ് ചെയ്‌തത്. നെടുങ്കണ്ടം പ്രകാശ് ഗ്രാമിലായിരുന്നു കഴിഞ്ഞ ദിവസം ക്രൂരമായ കൊലപാതക ശ്രമം ഉണ്ടായത്.
കേസിൽ നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാർഡംഗവും എ.ഐ.വൈ.എഫ്.ജില്ലാ വൈസ് പ്രസിഡന്‍റുമായ അജീഷ് മുതുകുന്നേൽ (34), പ്രകാശ്ഗ്രാം എട്ടുപടവിൽ ബിജു (43), താന്നിമൂട് അമ്മൻചേരിൽ ആന്‍റണി (39) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾക്കെതിരെ വധശ്രമം, ആയുധം ഉപയോഗിച്ച് അക്രമിച്ച് പരുക്കേൽപ്പിക്കൽ, ഇന്ധനം ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമം, പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി 11 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്റ്റേഷനിലെത്തിയശേഷം അജീഷ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതിന് മറ്റൊരുകേസും ചുമത്തിയിട്ടുണ്ട്. കേസിൽ ബിജു ഒന്നാം പ്രതിയും സി.പി.ഐ. ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയംഗമായിരുന്ന അജീഷ് കേസിൽ രണ്ടാം പ്രതിയാണ്. പ്രകാശ്ഗ്രാം
ബോംബെ കട മീനുനിവാസിൽ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68)യ്‌ക്കെതിരേയാണ് ആക്രമണമുണ്ടായത്. ശശിധരൻപിള്ള നടത്തുന്ന പലചരക്കുകടയുടെ മുൻപിൽ വാട്സാപ്പ് ചാറ്റിന്‍റെ പേരിൽ ബിജുവും മറ്റൊരാളും തമ്മിൽ കഴിഞ്ഞദിവസം വഴക്കുണ്ടായിരുന്നു.
കടയുടെ മുൻവശത്ത് തർക്കം പാടില്ലെന്ന് പറഞ്ഞതോടെ ഇവർ ശശിധരൻപിള്ളയെ ഭീഷണിപ്പെടുത്തി. സംഭവത്തെത്തുടർന്ന് ശശിധരൻപിള്ള നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി.
എന്നാൽ, പരാതി നൽകിയതിലുള്ള വിരോധത്തിൽ ബിജുവും സുഹൃത്തുക്കളായ അജീഷും ആന്‍റണിയും വ്യാഴാഴ്ച രാവിലെ ഏഴിന് കടയിൽ അതിക്രമിച്ചുകയറുകയായിരുന്നു. തലയിലൂടെ അജീഷ് പെട്രോളൊഴിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് മർദിച്ചെന്നുമാണ് തങ്കമണിയമ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: