
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായതു മുതൽ ദിലീപും കുടുംബവും നിരവധി തവണയാണ് സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നത്. ആദ്യ ഭാര്യ മഞ്ജു വാര്യരുമായി പിരിഞ്ഞതിനു ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെയാണ് താര കുടുംബം സൈബർ ലോകത്ത് കൂടുതൽ ചർച്ചയാകുന്നത്. ദിലീപ് കുടുംബത്തിലെ ഓരോ വിശേഷങ്ങളെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്താറുമുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു ചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന സൈബർ ആക്രമണം അൽപം കടന്നുപോയെന്നാണ് ആരാധകരുടെ അഭിപ്രായം. ദിലീപിന്‍റെ മകൾ മീനാക്ഷിയുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മീനാക്ഷിയ്ക്കൊപ്പം ഒരു യുവാവ് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ എത്തുന്നത്.
ചിത്രം പുറത്തു വന്നതിനു പിന്നാലെ മീനാക്ഷിക്കൊപ്പം നിൽക്കുന്നത് ആരാണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിനു പിന്നാലെ ദിലീപിന്‍റെ ഉറ്റ സുഹൃത്ത് നാദിർഷയുടെ സഹോദരന്‍റെ മകനാണ് മീനാക്ഷിക്കൊപ്പം നിൽക്കുന്നതെന്ന് ആരാധകർ കണ്ടെത്തുകയും ചെയ്‌തു. ഇതോടെ ചർച്ച അവസാനിച്ചെന്നു കരുതിയ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് സംഭവത്തിൽ വർഗീയ ഭാവം കലർത്തി ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമൾ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
"നടൻ ദിലീപിന്‍റെ മകൾ മീനാക്ഷിക്കൊപ്പം നാദിർഷയുടെ സഹോദരന്‍റെ മകൻ, ദിലീപിനെ കുടുംബമടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം' എന്നായിരുന്നു ശ്രീരാജ് കൈമളിന്‍റെ വിമർശനം. ശ്രീരാജിന്‍റെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനവും ഉയർന്നിട്ടുണ്ട്.
നേരത്തെ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശിഖ പ്രഭാകരിനെതിരെയും ഇത്തരത്തിൽ ശ്രീരാജ് വിമർശനം ഉന്നയിച്ചിരുന്നു. "ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശിഖ പ്രഭാകർ ഏതോ ഒരു ഫൈസലിനെ കല്യാണം കഴിച്ചു. ബാക്കി രണ്ടാമത്തെ ചിത്രം പറയട്ടെ' എന്ന ക്യാപ്ഷനോടെയായിരുന്നു അന്നത്തെ പോസ്റ്റ്.
ചാനൽ ചർച്ചകളിലും സജീവമായ ശ്രീരാജ്കൈമൾ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ജീവനൊടുക്കാൻ ശ്രമിക്കുകയും അറസ്റ്റിലാകുകയും ചെയ്‌തിരുന്നു.
അതേസമയം മീനാക്ഷിക്കെതിരെ ഇയാൾ ഉന്നയിച്ച ആരോപണം അൽപം കടന്നുപോയെന്നു തന്നെയാണ് ആരാധകരുടെ പക്ഷം. ദിലീപിന്‍റെ മകളാണെങ്കിലും മീനാക്ഷി സിനിമയിൽ എത്തിയിട്ടില്ല. എന്നാൽ മീനാക്ഷിക്കും ആരാധകർ ഏറെയാണ്. മലയാളത്തിലെ യുവ നടിമാർക്ക് ലഭിക്കുന്ന സ്ഥാനമാണ് മീനാക്ഷിക്കും ആരാധകർക്കിടയിൽ ലഭിച്ചിരിക്കുന്നത്. നിരവധി ഫാൻസ് പേജുകളും മീനാക്ഷിക്കുണ്ട്. ഒപ്പം ഇൻസ്റ്റഗ്രാമിലും മീനാക്ഷി സജീവമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: