ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പീരുമേട് എം.എൽ.എ വിവാദത്തിൽ. കേസ് അട്ടിമറിക്കാൻ എം.എൽ.എ വാഴൂർ സോമൻ ശ്രമിച്ചെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ഇക്കാര്യം എം.എൽ.എ തന്നെ പ്രസംഗത്തിൽ തുറന്നു പറയുന്ന വീഡിയോയും യൂത്ത് കോൺഗ്രസ് പുറത്തു വിട്ടിട്ടുണ്ട്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലാണ് ആറ് വയസുകാരി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അയൽവാസിയായ യുവാവ് മൂന്നു വർഷമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. സംഭവ ദിവസം പീഡന ശ്രമത്തിനിടെ ബോധം മറഞ്ഞ കുട്ടിയെ ഷാൾ കഴുത്തിൽ കുരുക്കി കെട്ടിത്തൂക്കുകയായിരുന്നു.
മരണം ഉറപ്പിച്ച ശേഷം കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ അടക്കം പ്രതി പങ്കെടുക്കുകയും ചെയ്‌തു. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ കേസിലാണ് അട്ടിമറി ശ്രമത്തിന് നീക്കം നടന്നതായി എം.എൽ.എ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം വേണ്ടെന്നും പോസ്റ്റ് മോർട്ടം ചെയ്യാതെ അടക്കാൻ സഹായിക്കണമെന്നും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞെന്നും ഇതു കേട്ടതോടെ താൻ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും വാഴൂർ സോമൻ പറയുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദനം അറിയിക്കുന്നതിന് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം തുറന്നു പറയുന്നത്. എംഎല്‍എ പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങാത്തതാണ് പ്രതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞത് എന്ന് വ്യക്തമാണ്.
നേരത്തെ തന്നെ കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. പ്രതി അർജുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. പാർട്ടി ബന്ധമുള്ള കുടുംബം കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന ആക്ഷേപം നേരത്തെ കോൺഗ്രസ്- ബിജെപി നേതൃത്വം ഉന്നയിച്ചിരുന്നു.
ഇതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പുതിയ വിവാദങ്ങൾക്ക് തുടക്കമായതോടെ വണ്ടിപ്പെരിയാർ കേസ് വീണ്ടും ശ്രദ്ധാ കേന്ദ്രമാകുകയാണ്. പ്രതിയെ രക്ഷിക്കുവാന്‍ എംഎല്‍എ ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യം കൊണ്ടാണോ എന്നതില്‍ കൃത്യമായ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: