കുന്നിൻമുകളിലെ തടാകത്തിൽ നിന്നും കണ്ടെത്തിയ നൂറുകണക്കിനു പേരുടെ അസ്ഥികൂടത്തിനു പിന്നിലെ രഹസ്യം ഇന്നും ചുരുളഴിയാതെ ശേഷിക്കുകയാണ്. അര നൂറ്റാണ്ട് മുമ്പാണ് ഹിമാലയ പര്‍വത നിരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന രൂപ്ഖണ്ഡ് തടാകത്തിൽ നിന്നും നിരവധി അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സമുദ്ര നിരപ്പില്‍ നിന്നും 5,029 മീറ്റര്‍ (16,500 അടി) ഉയരത്തിലാണ് തടാകം.
വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞു മൂടി കിടക്കുന്ന ഉത്തരാഖണ്ഡിലെ ത്രിശൂല്‍ പര്‍വ്വതത്തിന്‍റെ ചരിവില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിൽ 1942 ല്‍ ബ്രിട്ടിഷ് ഫോറസ്റ്റ് റേഞ്ചര്‍ പട്രോളിങ്ങിനിടെയാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
ഇത്രയേറെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ഹിമാലയത്തിന് മുകളിലെ ഈ തടാകത്തില്‍ എങ്ങനെ വന്നു? ആരാണീ മനുഷ്യര്‍? എങ്ങനെയാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്?
ഈ ചോദ്യങ്ങള്‍ നരവംശ ശാസ്ത്രജ്ഞരെ അലട്ടി തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായി. പല വിശദീകരണങ്ങളും ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുമുണ്ട്. അതിലൊന്ന് 870 വര്‍ഷങ്ങള്‍ക്ക് മുൻപ് കൂട്ടക്കൊലക്ക് ഇരയാക്കപ്പെട്ട ഒരു ഇന്ത്യന്‍ രാജാവും കുടുംബവും സൈന്യവുമാണ് ഇതെന്നാണ്. 1841 ല്‍ തിബറ്റ് കീഴടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സൈനികരാണ് ഇതെന്നാണ് മറ്റൊരു വിശദീകരണമുള്ളത്.
കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ശരാശരി മനുഷ്യരേക്കാള്‍ ഉയരം കൂടിയവരായിരുന്നു ഇവരില്‍ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയിരുന്നു. കണ്ടെത്തിയവരില്‍ വലിയൊരു വിഭാഗത്തിനും 35-40 വയസായിരുന്നു പ്രായം. കൂട്ടത്തില്‍ ഒരൊറ്റ കുട്ടികളുടെ അസ്ഥികൂടവും ഇവിടെ നിന്നും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. അതേസമയം, ചില മുതിര്‍ന്ന സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം തന്നെ മരണസമയത്ത് മികച്ച ആരോഗ്യമുള്ളവരായിരുന്നുവെന്ന സൂചന നല്‍കുന്നു.
ഇത് സംബന്ധിച്ച് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അഞ്ച് വര്‍ഷം നീണ്ട പഠനം മറ്റു സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്. ഇന്ത്യ, അമേരിക്ക, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളിലെ 16 സ്ഥാപനങ്ങളിലെ 28 ഗവേഷകര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. നേരത്തെ പറഞ്ഞ എല്ലാ സാധ്യതകളേയും ഇവരുടെ പഠനം തള്ളിക്കളയുകയാണ് ചെയ്യുന്നത്. രൂപ് കുണ്ട് തടാകത്തില്‍ നിന്നും കണ്ടെത്തിയ 15 സ്ത്രീകളുടേതടക്കം 38 അസ്ഥികൂടങ്ങളിലാണ് ഗവേഷകര്‍ വിശദമായ പഠനം നടത്തിയത്. ഏതാണ്ട് 1200 വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്നവരുടെ വരെ അസ്ഥികൂടങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
വേറെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇവരുടെ പഠനത്തില്‍ നിന്നും ലഭിച്ചു. ഏതാണ്ട് 1000 വര്‍ഷങ്ങളില്‍ പലപ്പോഴായി മനുഷ്യന്‍റെ ഭൗതിക അവശിഷ്ടങ്ങൾ ഇവിടെ തള്ളിയിട്ടുണ്ടെന്നും കണ്ടെത്തി. മാത്രമല്ല ജനിതകമായുള്ള വൈവിധ്യവും ഗവേഷകരുടെ അദ്ഭുതം കൂട്ടി.
ഒരൊറ്റ ദുരന്തമല്ല രൂപ്ഖണ്ഡിലെ അസ്ഥികൂടങ്ങള്‍ക്കെല്ലാം കാരണമായതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ ഈഡോയിന്‍ ഹാര്‍നി പറയുന്നത്. കണ്ടെത്തിയ അസ്ഥികൂടങ്ങളുടെ ജനിതക പരിശോധനയില്‍ ഒരു കൂട്ടം മനുഷ്യര്‍ക്ക് ഇപ്പോള്‍ ദക്ഷിണേഷ്യയിലെ മനുഷ്യരുടെ ജീനുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
മറ്റൊരു കൂട്ടര്‍ക്കാകട്ടെ യൂറോപ്യന്മാരുമായിട്ടാണ് ജനിതക ബന്ധം. കൃത്യമായി പറഞ്ഞാല്‍ ഗ്രീക്ക് ദ്വീപായ ക്രീറ്റയിലെ മനുഷ്യരുമായി. ദക്ഷിണേഷ്യയിലെ ഒരു പ്രദേശത്തെയല്ല പല പ്രദേശങ്ങളിലുമായി പരന്നു കിടക്കുന്നുണ്ട് അസ്ഥികൂടങ്ങളുടെ ജനിതക വിവരങ്ങള്‍.
ചുരുക്കത്തില്‍ പല കാലങ്ങളില്‍ വിവിധ പ്രദേശത്തു നിന്നുള്ളവരാണ് ഇന്ന് രൂപ്ഖണ്ഡിൽ അസ്ഥികൂടമായി നൂറ്റാണ്ടുകള്‍ക്ക് ശേഷവും കിടക്കുന്നത്. ഈ പ്രദേശം ലഭ്യമായ അറിവില്‍ ഏതെങ്കിലും വ്യാപാര പാതയുടെ ഭാഗമായിരുന്നില്ല. കണ്ടെടുത്തവയുടെ കൂട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ ലഭിച്ചിട്ടില്ലെന്നതും ഏറ്റുമുട്ടലുകളുടെ സാധ്യതകളെ കുറക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പൊതുരോഗകാരികളായ ബാക്ടീരിയകളുടെ തെളിവുകളും ജനിതക പഠനങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ല.
ഇതെല്ലാം ഈ പ്രദേശം പൗരാണിക തീര്‍ഥാടന കേന്ദ്രമായിരുന്നു എന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രദേശത്തുള്ള ഒരു ചെറു ക്ഷേത്രത്തില്‍ എട്ടാം നൂറ്റാണ്ട് മുൻപുള്ള ശിലാലിഖിതങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ രൂപ്ഖണ്ഡിൽ നിന്നും കണ്ടെടുത്ത പല അസ്ഥികൂടങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുൻപ് നടന്നിരുന്ന തീര്‍ഥാടനത്തില്‍ പങ്കെടുക്കാനെത്തിയവരുടേത് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
അപ്പോഴും യൂറോപില്‍ നിന്നുള്ളവര്‍ എങ്ങനെ ഹിമാലയത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുൻപെത്തിയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അതിനുമൊരു സാധ്യത ഗവേഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. മെഡിറ്ററേനിയന്‍ പൂര്‍വികരുള്ള ചെറുകൂട്ടം ആളുകള്‍ അടുത്തുള്ള ഏതെങ്കിലും പ്രദേശത്തേക്ക് എത്തിപ്പെടാനും അവര്‍ തലമുറകളായി താമസിക്കുവാനുമുള്ള സാധ്യതയാണിത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: