ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനു മുന്നിൽ നാട് വിറങ്ങലിച്ച് നിൽക്കെ അത്ഭുത കുതിരയുടെ ശവമടക്കിന് ഒത്തു കൂടിയത് അഞ്ഞൂറോളം പേർ. കർണാടകയിലാണ് സംഭവം. ബാലെഗാവ് ജില്ലയിൽ നടന്ന സംഭവത്തെ തുടർന്ന് ഗ്രാമം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഗ്രാമത്തിലെ എല്ലാവർക്കും കോവിഡ് പരിശോധന നടത്താനുള്ള നീക്കത്തിലാണ് അധികൃതർ.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ രൂക്ഷമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ അനേകരാണ് മസ്‌തമറാഡി ഗ്രാമത്തിൽ തോളോട് തോൾ ചേർന്ന് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. ഇതിന്‍റെ വീഡിയോ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശിക മതകേന്ദ്രവുമായി ബന്ധപ്പെട്ട കുതിരയാണ് ചത്തത്. കുതിരയ്ക്ക് അത്ഭുത സിദ്ധികൾ ഉള്ളതായി ഗ്രാമീണർ വിശ്വസിച്ചിരുന്നു.
ഗ്രാമം എപ്പോൾ പ്രതിസന്ധിയിൽ ആയാലും കുർഹിറയെന്ന കുതിരയെ അഴിച്ചുവിടും. കോവിഡിന്‍റെ പ്രതിസന്ധി പരിഹരിക്കാനും ഗ്രാമീണർ കുതിരയെ അഴിച്ചു വിട്ടിരുന്നു. എന്നാൽ ഇതിനിടയിൽ കുതിര ചത്തു പോകുകയായിരുന്നു.
കേസ് എടുത്തതോടെ അടുത്ത 14 ദിവസത്തേക്ക് ഗ്രാമം അടച്ചിരിക്കുകയാണ്. എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർദ്ദേശിച്ചിരിക്കുകയാണ്. ആരെയും പുറത്തേക്ക് പോകനോ ആരെങ്കിലും അകത്തേക്ക് വരാനോ അനുവാദമില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: