കൊച്ചി: ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് നടൻ രാജൻ പി. ദേവിന്‍റെ മകനും നടനുമായ ഉണ്ണി രാജ് അറസ്റ്റിൽ. തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് ഇയാൾക്കെതിരെ ഗാർഹിക പീഡന പരാതിയിന്മേൽ അന്വേഷണം നടന്നിരുന്നത്. സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചതിനാലാണ് അറസ്റ്റിലേക്ക് കടന്നതെന്ന് പൊലീസ് അറിയിച്ചു.
മേയ് 12 നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ തൂങ്ങി മരിച്ചിരുന്നത്. മരണത്തിന് തലേ ദിവസം വട്ടപ്പാറ പൊലീസിൽ പ്രിയങ്ക, ഉണ്ണിക്കും കുടുംബാംഗങ്ങൾക്കും എതിരെ പരാതി നൽകിയിരുന്നു. ഭർതൃവീട്ടിൽ ശാരീരിക മാനസിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ചില ഡിജിറ്റൽ തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.
വനിതാ കമ്മിഷനും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. അടിയന്തരമായി പൊലീസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ഉണ്ണിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ നിന്നും ഉണ്ണി ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് പ്രിയങ്കയുടെ കുടുംബം അടുത്തിടെ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണിപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം വൈകീട്ട് കോടതിയിൽ ഹാജരാക്കും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഒന്നര വർഷത്തെ പ്രണയത്തിനൊടുവിൽ 2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരായിരുന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളാണ് ഉണ്ണി. ഉണ്ണിയുടെ സഹോദരൻ ജിബിൽ രാജും സിനിമ രംഗത്ത് സജീവമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: