സ്നേഹം തെളിയിക്കാൻ പല വഴികളുണ്ടെങ്കിലും ഉക്രൈയിനിലെ രണ്ട് കമിതാക്കൾ കണ്ടെത്തിയ മാർഗം ഇപ്പോൾ ലോക ശ്രദ്ധ നേടുകയാണ്. 28 വയസുള്ള കാമുകിയും 33 വയസുള്ള കാമുകനുമാണ് വേറിട്ട രീതിയിൽ പ്രണയം അളക്കാൻ തീരുമാനിച്ചത്. ഉക്രൈനിലെ ഖാർക്കിവിൽ നിന്നുള്ള വിക്ടോറിയ പുസ്റ്റോവിറ്റോവയാണ് യുവതി. അലക്‌സാണ്ടർ കുഡ്‌ലേ എന്നാണ് യുവാവിന്‍റെ പേര്.
ഫെബ്രുവരിയിലെ പ്രണയ ദിനത്തിലാണ് ഇരുവരും സ്നേഹം അളക്കാൻ തീരുമാനിച്ചത്. ഇതിനായി അഴിച്ചു മാറ്റാൻ കഴിയാത്ത ഒരു ചങ്ങള കൊണ്ട് പരസ്‌പരം കൈകൾ ബന്ധിക്കുക എന്നതായിരുന്നു ഇരുവരുടെയും തീരുമാനം. മൂന്നു മാസത്തേക്കായിരുന്നു പരീക്ഷണം.
ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും ഇടക്കിടെ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതോടെയാണ് പ്രണയ ദിനത്തിൽ സ്നേഹം അളക്കാൻ രണ്ടു പേരും തീരുമാനിച്ചത്.
എന്നാൽ ചങ്ങലയിൽ ബന്ധിച്ചുള്ള മൂന്ന് മാസം കുഴപ്പമില്ലാതെ മുൻപോട്ട് പോയതോടെ ഇനി വിവാഹം കഴിക്കുന്ന ദിവസമേ ചങ്ങല അഴിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് ഇരുവരും. പക്ഷെ വിവാഹം എന്നത്തേക്ക് എന്നുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. വിവാഹ നിശ്ചയം പോലും നടന്നിട്ടില്ല.
ചങ്ങലയുമായി ജീവിക്കാൻ പല ക്രമങ്ങളിലും ഇരുവരും മാറ്റം വരുത്തി. മുകളിൽ നിന്ന് താഴേക്ക് സിപ്പുകളുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങൾ ആണ് ഇരുവരും കഴിഞ്ഞ മൂന്ന് മാസം ഉപയോഗിച്ചത്. പൊതു ഇടങ്ങളിൽ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് ഒരു വലിയ പ്രശ്‌നമായിരുന്നു. വിക്ടോറിയ പലപ്പോഴും അലക്‌സാണ്ടറിനെ സ്ത്രീലേക്കുള്ള വാഷ് റൂമിലേക്ക് കൊണ്ട് പോകാൻ നിർബന്ധിതയായി.
കാർ സെയിൽസ്മാനായി ജോലി ചെയ്യുന്ന അലക്‌സാണ്ടർ തൻ്റെ ജോലി സ്ഥലത്തേക്ക് വിക്ടോറിയയെ മൂന്നു മാസവും കൂടെ കൂട്ടി. കൃത്രിമ കൺപീലി നിർമിക്കുന്ന ജോലി ചെയ്യുന്ന വിക്ടോറിയ പക്ഷെ തൻ്റെ ജോലി വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നു. ഞങ്ങൾ ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ പിണക്കത്തിലാവുമായിരുന്നു. ഒരു തവണ നമ്മൾ പിരിയുന്നതാണ് നല്ലത് എന്ന് വിക്ടോറിയ പറഞ്ഞു. എങ്കിൽ നിന്നോട് ഞാൻ എന്നെ ബന്ധിപ്പിക്കും എന്ന് ഞാനും പറഞ്ഞു. പിന്നീടാണ് ഞങ്ങൾ ചങ്ങലയിൽ ബന്ധിതരാവാൻ തീരുമാനിച്ചതെന്ന് അലക്‌സാണ്ടർ പറയുന്നു.
പരസ്‌പരം ചങ്ങലയിൽ ബന്ധിച്ചു ജീവിച്ചതിനുള്ള ഉക്രേനിയൻ റെക്കോർഡ് ഇപ്പോൾ വിക്ടോറിയയുടെയും അലക്‌സാണ്ടറിന്‍റെയും പേരിലാണ്. ഒരു റിയാലിറ്റി ഷോയിലും പങ്കെടുക്കാൻ ഒരുങ്ങുന്ന ഇരുവരും വിവാഹം കഴിക്കുമ്പോൾ തങ്ങളുടെ ചങ്ങല ലേലത്തിൽ വയ്ക്കാനാണ് പ്ലാൻ. ലേലത്തിൽ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് തങ്ങളുടെ ആവശ്യത്തിനും ബാക്കി ജീവകാരുണ്യപ്രവർത്തനത്തിനും നൽകാനാണ് ഇരുവരുടെയും പദ്ധതി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: