മുംബൈ: തിരക്കേറിയ റോഡിൽ ബ്രേക്ക് നഷ്‌ടമായ ട്രക്ക് പിന്നിലേക്ക് ഓടിയത് മൂന്ന് കിലോമീറ്റർ. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഓട്ടത്തിനിടെ ട്രക്കിന്‍റെ ബ്രേക്ക് നഷ്‌ടമായതോടെ ഡ്രൈവർ വണ്ടി റിവേഴ്‌സ് ഗിയറിൽ ഇടുകയായിരുന്നു. ഡ്രൈവറിന്‍റെ ഇത്തരം ഒരു നീക്കത്തിലൂടെ അപകടമുണ്ടാക്കാതെ വാഹനം നിർത്താൻ സാധിച്ചെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിലെ ജൽന - സിലൂദ് റോഡിലാണ് സംഭവം. ട്രാൻസ്പോർട്ട് ലൈവ് എന്ന യുട്യൂബ് ചാനലിലാണ് ദൃശ്യങ്ങളും വിവരണവും അപ് ലോഡ് ചെയ്‌തിരിക്കുന്നത്. ട്രക്കിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനത്തിന്‍റെ വേഗത കുറച്ച് റിവേഴ്സ് ഗിയറിട്ട് ട്രക്കിനെ പിന്നോട്ട് എടുക്കുകയാണ് ഡ്രൈവർ ചെയ്തത്. ബൈക്കിലെത്തിയ ഏതാനും യുവാക്കൾ വാഹനത്തിന് വഴിയൊരുക്കുന്നതും വീഡിയോയിൽ ഉണ്ട്.
ഏതാണ്ട് മൂന്ന് കിലോമീറ്ററോളം പിന്നോട്ട് സഞ്ചരിച്ച ട്രക്ക് ഒടുവിൽ വയലിലേക്ക് സുരക്ഷിതമായി ഇടിച്ചിറക്കുകയായിരുന്നു. ആർക്കും അപകടം സംഭവിക്കാതെ വളരെ വിദഗ്ധമായാണ് ഡ്രൈവർ വാഹനം ഓടിച്ചത്. ചരക്ക് നിറച്ച ലോറി ഇത്രയും ദൂരം പിന്നോട്ടെടുക്കാൻ അസാമാന്യ കഴിവ് ഡ്രൈവറിന് ഉണ്ടാകണമെന്ന് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു.
കാറുകളും മറ്റ് ലോറികളും ഈ വാഹനത്തെ കടന്ന് പോകുന്നതായി കാണാം. കാറുകളെപ്പോലെ അതിനൂതന സാങ്കേതികവിദ്യകളൊന്നും ഇല്ലാത്ത വാഹനമാണ് ട്രക്ക്. എല്ലാ വലിയ വാഹനങ്ങളും കൂടുതൽ ദൂരം പിന്നോട്ട് എടുക്കുക എന്നത് എപ്പോഴും പ്രയാസകരമാണ്. സംഭവത്തിന്‍റെ യുടൂബ് വീഡിയോ 17 ലക്ഷത്തോളം ആളുകളാണ് കണ്ടത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: