ന്യൂഡൽഹി: വൈറലാകാൻ എന്തും കാണിക്കുന്നവരാണ് ചിലർ. അത്തരത്തിൽ വളർത്തു മൃഗത്തോട് ക്രൂരത കാട്ടിയ ഡെൽഹിയിലെ ഒരു യൂടൂബർ ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്. ഗൗരവ്‌സോൺ എന്ന യുട്യൂബ് ചാനലിന്‍റെ ഉടമയായ ഗൗരവ് ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
വൈറൽ വീഡിയോയ്ക്കായി ഇയാൾ വളർത്തു നായയെ ഹൈഡ്രജൻ ബലൂണിൽ കെട്ടി പറത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. യുട്യൂബിൽ 40 ലക്ഷം സബ്സ്ക്രൈബേഴ്‌സുള്ള ചാനലാണ് ഗൗരവ് സോൺ. വളർത്തുനായയെ ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി പറപ്പിക്കുന്നതിന്‍റെ വീഡിയോ അടുത്തിടെയാണ് ഗൗരവ് യുട്യൂബ് ചാനലിലൂടെ പുറത്തു വിട്ടത്. നായ ബലൂണുകൾക്കൊപ്പം പറന്നുയരുന്നതും ഇത് കണ്ട് ഗൗരവും കൂടെ ഉണ്ടായിരുന്ന അമ്മയും ആർപ്പുവിളിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു.
ഈ വീഡിയോ വൈറലായതോടെ നായയെ ഇത്തരത്തിൽ ഉപദ്രവിച്ചതിന് ഇരുവർക്കും എതിരെ വ്യാപക പ്രതിഷേധം ഉയർന്നു. മൃഗ സംരക്ഷണ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഇവരുടെ പരാതി പ്രകാരം വീഡിയോ യുട്യൂബ് നീക്കം ചെയ്‌തു.
ഗൗരവിന് എതിരെ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടനാ ഡൽഹി മാൽവിയനഗർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതെ സമയം സംഭവത്തിൽ മാപ്പ് ചോദിച്ച് ഗൗരവ് മറ്റൊരു വിഡിയോയും പുറത്തിറക്കിയിരുന്നു. എല്ലാ സുരക്ഷാ മുൻ കരുതലുകളും സ്വീകരിച്ചാണ് പ്രസ്‌തുത വീഡിയോ ചിത്രീകരിച്ചതെന്നായിരുന്നു യുവാവിന്‍റെ വിശദീകരണം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: