ന്യൂയോർക്ക്: ലോകമെമ്പാടും ആരാധകരുള്ള പോപ് താരമാണ് ലേഡി ഗാഗ. സംഗീത ലോകത്ത് ചുവടുവച്ച ആദ്യ കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ലേഡി ഗാഗ. ഒരു അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നു പറച്ചിൽ. 19-ാം വയസിലാണ് തനിക്ക് പീഡനത്തിന് ഇരയാകേണ്ടി വന്നതെന്നും ലേഡി ഗാഗ പറയുന്നു. എന്നാൽ ആരാണ് പീഡിപ്പിച്ചതെന്ന് വ്യക്തമാക്കാൻ അവർ തയാറായില്ല.
അതേസമയം താരത്തിന്‍റെ അപ്രതീക്ഷിത വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. മ്യൂസിക് പ്രൊഡ്യൂസറിൽ നിന്നുണ്ടായ അനുഭവത്തെ തുടർന്ന് മാനസികമായി തകർന്നുവെന്നും ജീവിതത്തെ തിരിച്ചു പിടിക്കാൻ ഏറെ നാളത്തെ പരിശ്രമം വേണ്ടി വന്നുവെന്നും അനർ പറയുന്നു.
തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ലേഡി ഗാഗ പറയുന്നത് ഇങ്ങനെ
‘അന്ന് എനിക്കു പ്രായം 19. സംഗീതവുമായി ബന്ധപ്പെട്ട ചില വർക്കുകളിലായിരുന്ന ഞാൻ. ആ സമയത്ത് ഒരു മ്യൂസിക് പ്രൊഡ്യൂസർ എന്‍റെ അടുത്ത് വന്ന് എന്‍റെ മുഴുവൻ വസ്ത്രവും ഊരി മാറ്റാൻ ആവശ്യപ്പെട്ടു. പറ്റില്ല എന്നു പറഞ്ഞ് ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടോടി. സമ്മതിച്ചില്ലെങ്കിൽ ഞാനൊരുക്കിയ എന്‍റെ സംഗീതത്തെ മുഴുവനായി ഇല്ലായ്മ ചെയ്യുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. അയാൾ വീണ്ടും അതേ ആവശ്യം ആവർത്തിച്ചു കൊണ്ടിരുന്നു. എല്ലാം കേട്ടുകൊണ്ട് ആ സമയം ഞാൻ മരവിച്ചു നിൽക്കുകയായിരുന്നു. അക്ഷരാർഥത്തിൽ ഞാൻ സ്തബ്ധയായി. ബാക്കിയൊന്നും എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല.
അയാൾ എന്നെ ക്രൂരമായി പീഡിപ്പിച്ചു. വേദന കൊണ്ടു ഞാൻ പുളയുകയായിരുന്നു. അയാൾ എന്‍റെ ജീവിതത്തെ തകർത്തു കളഞ്ഞു. തുടർന്ന് ആഴ്ചകളോളം എനിക്കു ചികിത്സയില്‍ കഴിയേണ്ടി വന്നു. ഞാൻ ഗർഭിണി ആണെന്ന് പിന്നീടു തിരിച്ചറിഞ്ഞു. ഇപ്പോഴും ആ സംഭവം എന്‍റെ മനസിനെ വേട്ടയാടുകയാണ്. പക്ഷേ അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. അയാളെ ജീവിതത്തിൽ ഒരിക്കൽപ്പോലും കാണാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല- ഇതായിരുന്നു ലേഡി ഗാഗയുടെ വാക്കുകൾ.
ഗായികയുടെ തുറന്നു പറച്ചിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താൻ വിഷാദ രോഗിയാണെന്ന് ലേഡി ഗാഗ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. മാനസികാരോഗ്യത്തിനായി ഗായിക വർഷങ്ങളായി ചികിത്സയിലായിരുന്നു. വിഷാദരോഗത്തിൽ നിന്നും മുക്തി നേടാനായി ഗാഗയ്ക്ക് മരുന്ന് ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടി വന്നിട്ടുണ്ട്. ആപ്പിൾ ടിവിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നു പറഞ്ഞത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
Post A Comment: