സേലം: കിടപ്പിലാകുമെന്ന് ഭയന്ന് മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷിതാക്കൾ ജീവനൊടുക്കി. തമിഴ്നാട്ടിലെ സേലത്തിനു സമീപത്താണ് സംഭവം. കെ. ഗോപിനാഥ്, ഭാര്യ പവിത്ര, മകൾ നന്ദിത എന്നിവരാണ് മരിച്ചത്. നന്ദിതയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഗോപിനാഥും പവിത്രയും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബേക്കറി ജീവനക്കാരനായ ഗോപിനാഥ് ശ്വാസം മുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു. നില വഷളായതോടെ തളർന്നു പോകുമെന്ന് ഇയാൾ ഭയന്നിരുന്നു. ഇതിനെ തുടർന്നാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ ഗോപിനാഥ് തീരുമാനിച്ചത്.
ശനിയാഴ്ച രാവിലെ ഗോപിനാഥിന്‍റെ അമ്മ വീട്ടിലെത്തിയപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിനാഥും പവിത്രയും തൂങ്ങി മരിച്ച നിലയിലായിരുന്നു. മകളെ നിലത്തു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. വിഷം കലർത്തിയ ഭക്ഷണം നൽകിയ ശേഷം മകളെ മാതാപിതാക്കൾ ചേർന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മുപ്പത്തിയൊന്നു വയസുള്ള ഗോപിനാഥിന് മെയ് ഒമ്പതുമുതൽ ശ്വാസതടസത്തിന്‍റെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സർക്കാർ മെഡിക്കൽ കോളെജിൽ ആയിരുന്നു ചികിത്സ. എന്നാൽ, ആരോഗ്യനില വഷളാകുന്നതിൽ ഗോപിനാഥ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഗോപിനാഥിന്‍റെ ആരോഗ്യസ്ഥിതി ഇത്തരത്തിൽ തുടരുന്നതിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ ആയിരിക്കും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: