
ന്യൂയോർക്ക്: കോവിഡ് 19 വൈറസുകൾ പുരുഷൻമാരുടെ ലൈംഗിക ശേഷിയെ ബാധിച്ചേക്കാമെന്ന് പഠനം. അമേരിക്കയിലെ മിയാമി യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ലോകം ഉറ്റുനോക്കിയിരുന്ന ഫലം പുറത്തു വന്നത്. ദ വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിന്‍റെ 2021 മെയ് ഏഴിന് പുറത്തിറങ്ങിയ ലക്കത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് വൈറസ് വ്യാപനത്തിനു പിന്നാലെ തന്നെ വൈറസ് ലൈംഗിക ശേഷിയെ ബാധിക്കുമോയെന്ന തരത്തിൽ ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഔദ്യോഗികമായി ആദ്യമായിട്ടാണ് ഒരു പഠനം ഇത് ശരിവയ്ക്കുന്നത്.
എൻസൈമുകൾ എന്ന പ്രോട്ടീൻ വസ്‌തുക്കളാണ് മനുഷ്യ ശരീരത്തിലെ രാസപ്രവർത്തങ്ങളെ ത്വരിതപ്പെടുത്തുന്നത്. ACE - 2, TMPRSS - 2 എന്നിങ്ങനെ രണ്ടുതരം എൻസൈമുകൾ ഒരുമിച്ചു കാണപ്പെടുന്നതരം കോശങ്ങളിലും കലകളിലുമാണ് കോറോണ വൈറസിന് പ്രവേശനം നേടാൻ കഴിയുന്നത്. രക്തക്കുഴലുകളുടെ ഉൾവശം ആവരണം ചെയ്യുന്ന സ്തരം (endothelium) നിർമിച്ചിരിക്കുന്ന കോശങ്ങളായ എൻഡോ ത്തീലിയൽ കോശങ്ങളിൽ (endothelial cells) മേൽപ്പറഞ്ഞ എൻസൈമുകൾ രണ്ടും ഉള്ളതിനാൽ കോവിഡ്- 19 മൂലം ശരീരം മുഴുവൻ വ്യാപകമായി എൻഡോത്തീലിയൽ സ്‌തരം പ്രവർത്തനക്ഷമമല്ലാതായി തീരുന്നതായി കണ്ടിട്ടുണ്ട്.
കോവിഡ്- 19 ബാധിച്ച രോഗികളുടെ ശ്വാസകോശം, ഹൃദയം, വൃക്കകൾ തുടങ്ങിയ അവയവങ്ങളുടെ എൻഡോത്തീലിയൽ കോശങ്ങളിൽ വൈറസ് പദാർഥങ്ങളുടെ സാന്നിധ്യം ഇലക്ട്രോൺ മൈക്രോസ്കോപ്പ് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്. മേൽപറഞ്ഞ കണ്ടുപിടുത്തങ്ങളുടെ വെളിച്ചത്തിലാണ് പുരുഷ ലൈംഗിക ശേഷിയെയും ഇത് ബാധിക്കുമോയെന്ന് പഠനം നടന്നത്. എൻഡോത്തീലിയത്തിന്‍റെ ആവരണമുള്ള രക്തക്കുഴലുകളാൽ സമ്പന്നമാണ് പുരുഷന്‍റെ ലിംഗത്തിലുള്ള ഉദ്ധാരണ കലകൾ. കോവിഡ്- 19 രോഗം ബാധിച്ചവരുടെ ലിംഗകലകളിൽ വൈറസിന്‍റെ സാന്നിധ്യവും, തന്മൂലം ഉദ്ധാരണശേഷിയിലുണ്ടാകുന്ന പ്രശ്നങ്ങളും വെളിവാക്കുന്നതാണ് പഠന റിപ്പോർട്ട്.
കോവിഡ്ബാധയുണ്ടായി ദീർഘസമയം കഴിഞ്ഞിട്ടും വൈറസിന്‍റെ സാന്നിധ്യം മനുഷ്യലിംഗത്തിലുണ്ടാകാമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് ബാധയെ തുടർന്നുണ്ടാകുന്ന എൻഡോത്തീലിയൽ പ്രവർത്തനരാഹിത്യം കാരണം ലിംഗത്തിലെ ഉദ്ധാരണ കലകൾക്കും പ്രവർത്തനഭംഗമുണ്ടാകും. ഇതോടെ ഉദ്ധാരണക്കുറവ് (Erectile dysfunction - ED) എന്ന അവസ്ഥക്ക് കാരണമാകുന്നതിനെയും സംബന്ധിച്ച തെളിവുകൾ പഠനം പങ്കുവെയ്ക്കുന്നു.
കോവിഡ് ബാധമൂലം മറ്റ് അവയവങ്ങളിലുണ്ടാകുന്ന പോലെയുള്ള എൻഡോത്തീലിയത്തിന്‍റെ പ്രവർത്തന രാഹിത്യം ഉദ്ധാരണകലകളെയും ബാധിച്ചിരിക്കാം. കോവിഡ്ബാധയും ED പ്രശ്നവുമുള്ള പുരുഷൻമാരിൽ വ്യാപകമായി എൻഡോത്തീലിയൽ പ്രവർത്തനഭംഗം ഉണ്ടായിരുന്നതിന്‍റെ തെളിവുകൾ ഗവേഷകർ കണ്ടെത്തുകയും ചെയ്തു. ലിംഗത്തിലെ കാവെർനോസൽ (cavernosal) എൻഡോത്തീലിയത്തിൽ വൈറസ് സാധ്യമുണ്ടായിരുന്നതിനാൽ ED പ്രശ്നം വഷളാവുകയും ചെയ്യുന്നതാകാം. വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടന്നുവരുന്നതായിട്ടാണ് റിപ്പോർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: