ലക്‌നൗ: തെരഞ്ഞെടുപ്പാണോ കല്യാണമാണോ വലുതെന്ന് ചോദിച്ചാൽ കല്യാണം എന്നായിരിക്കും മിക്കവരുടെയും മറുപടി. എന്നാൽ കല്യാണത്തെക്കാളും വലുതാണ് തെരഞ്ഞെടുപ്പ് ജയമെന്നാണ് ഉത്തർപ്രദേശിൽ നിന്നുള്ള 28 കാരി പറയുന്നത്.
കല്യാണ ചടങ്ങുകൾക്കിടെയാണ് വധുവായ 28 കാരി ബ്ലോക്ക് ഡെവലപ്മെന്‍റ് കൗൺസിൽ തെരെഞ്ഞെടുപ്പിൽ വിജയിച്ചു എന്ന വാർത്ത പുറത്തു വരുന്നത്. വരണമാല്യം അണിയുന്നതിനു തൊട്ടു മുമ്പ് ഇത് അറിഞ്ഞതോടെ യുവതി വേദി വിട്ടു. തെരെഞ്ഞെടുപ്പിൽ ജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ കുറച്ച് സമയം അനുവദിക്കണം എന്ന് അപേക്ഷിച്ചാണ് യുവതി വേദി വിട്ടു പോയത്.
രാംപൂരിൽ ഞ്യായറാഴ്ച്ചയാണ് സംഭവം. പൂനം ശർമയെന്നാണ് യുവതിയുടെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടിനാണ് പൂനം ശർമയുടെ കല്യാണം തീരുമാനിച്ചത്. വരണമാല്യം അണിയുന്നതിന് തൊട്ടു മുൻപാണ് തെരെഞ്ഞെടുപ്പിൽ ജയിച്ച കാര്യം പൂനം ശർമയെ അറിയിച്ചത്. ഉടൻ തന്നെ 20 കിലോമീറ്റർ അകലെ ഉള്ള കൗണ്ടിങ് സെന്‍ററിലേക്ക് പോകുകയായിരുന്നു.
സർട്ടിഫിക്കറ്റ് വാങ്ങി തിരിച്ചു വന്നതിന് പിന്നാലെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി. ബിരുദധാരിയായ പൂനം ശർമ ബ്ലോക്ക് ഡെവലപ്പ്മെന്‍റ് കൗൺസിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. സർട്ടിഫിക്കറ്റ് വാങ്ങാൻ പ്രതിശ്രുത വരൻ തന്നെ അനുവദിച്ചതായി പൂനം ശർമ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: