ഇടുക്കി: തേൻ ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികൾ വനത്തിനുള്ളിൽ ഇടിമിന്നലേറ്റ് മരിച്ചു. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പൊള്ളലേറ്റു. ഇടുക്കി അടിമാലി പഞ്ചായത്തിലെ 17-ാം വാർഡ് ചൂരകെട്ടാൻ കുടി ആദിവാസി കോളനിയിലെ സുബ്രഹ്മണ്യൻ (46), ഭാര്യ സുമതി (42) എന്നിവരാണ് മരിച്ചത്. അടിമാലി മുൻ പഞ്ചായത്ത് അംഗം ബാബു ഉലകൻ, ഭാര്യ ഓമന എന്നിവർക്കാണ് പൊള്ളലേറ്റത്.
തിങ്കളാഴ്ച്ച വൈകിട്ട് ആറിനായിരുന്നു സംഭവം. വനത്തിനുള്ളിലേക്ക് തേനെടുക്കാനാണ് സംഘം പോയത്. ഇതിനിടെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. ബാബു ഉലകനും ഭാര്യക്കും കാലിനാണ് പൊള്ളലേറ്റത്. ഇവരെ രാത്രിയോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ആദിവാസി കുടിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള മരോട്ടിച്ചാൽ വനമേഖലയിലാണ് അപകടം നടന്നത്. നാല് അംഗ സംഘം മൂന്നു ദിവസം മുൻപാണ് തേനും, വനവിഭവങ്ങളും ശേഖരിക്കുന്നതിനായി വനത്തിൽ പോയത്. സാധാരണ രണ്ടും, മുന്നും ദിവസം വനത്തിൽ താമസിച്ചാണ് ഇവർ വന വിഭവങ്ങൾ ശേഖരിക്കാറ്.
കൊറോണ വ്യാപനത്തെ തുടർന്ന് ഈ വാർഡ് മൂന്നു ദിവസമായി നിയന്ത്രണ മേഖലയാണ്. അതിനാൽ പുറത്ത് ജോലിക്ക് പോകാൻ കഴിയില്ല. ഇതിനാലാണ് രണ്ട് കുടുംബങ്ങൾ ജീവിത മാർഗം തേടി വനത്തിലേക്ക് പോയതെന്നാണ് വിവരം. സുധാകരൻ, സുധ എന്നിവരാണ് സുബ്രമണ്യൻ -സുമതി ദമ്പതികളുടെ മക്കൾ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: