ഇടുക്കി: ഹൈറേഞ്ചിനെ വിറപ്പിച്ച് വീണ്ടും കോവിഡ് മരണങ്ങൾ. തിങ്കളാഴ്ച്ച ആറ് പേരാണ് ഹൈറേഞ്ച് മേഖലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച്ചയും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കട്ടപ്പന പ്രൈവറ്റ് ബസ് ഓഫീസ് ജീവനക്കാരൻ മനോജ്, ചെല്ലാർകോവിൽ തിരുവങ്കാവിൽ ബിബിൻ എന്നിവരാണ് ചൊവ്വാഴ്ച്ച മരണത്തിനു കീഴടങ്ങിയത്.
അതേസമയം തിങ്കളാഴ്ച്ച മാത്രം ആറോളം പേരാണ് ഹൈറേഞ്ചിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഉപ്പുതറ, കാഞ്ചിയാർ, ഇരട്ടയാർ, പാമ്പാടുംപാറ പഞ്ചായത്തുകളുടെ പരിധിയിലായിരുന്നു തിങ്കളാഴ്ച്ചത്തെ മരണങ്ങൾ. ചീന്തലാർ സ്വദേശിനി സാലി, സ്വരാജ് സ്വദേശി ദാവീദ്, കൽത്തൊട്ടി സ്വദേശി ബിനു, ശാന്തിഗ്രാം സ്വദേശിനി ചിന്നമ്മ, വലിയ തോവാള സ്വദേശി ചാക്കോ എന്നിവരും നത്തുകല്ല് സ്വദേശിനി ജാനകി എന്നിവരാണ് മരിച്ചത്. ഇതിൽ ജാനകിയുടെ മരണം കോവിഡ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
വീട്ടിൽ ഒരാൾക്ക് കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് മരണം. ഇവരുടെ ശ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇരട്ടയാർ പഞ്ചായത്ത് പരിധിയിൽ മാത്രം രണ്ടാം വ്യാപനത്തിൽ മൂന്ന് ജീവനാണ് നഷ്ടമായത്. കാഞ്ചിയാറ്റിലും മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് നെഗറ്റീവ് ആയ ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്നും രണ്ട് പേർ ഇവിടെ മരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളായി ഹൈറേഞ്ച് മേഖലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും തമിഴ്നാട്ടിൽ നിന്നും നിയന്ത്രണമില്ലാതെ വരുന്ന തൊഴിലാളികളുമാണ് രോഗ വ്യാപനത്തിു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

Post A Comment: