ഇടുക്കി: മദ്യവിൽപന ശാലകൾ പൂട്ടിയതിനു പിന്നാലെ ചാരായം വാറ്റിയെടുത്ത് സമാന്തര കച്ചവടം നടത്തിയ ആൾക്കെതിരെ കേസെടുത്തു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസും, ഇടുക്കി ഇന്‍റലിജൻസ് ബ്യൂറോയും ചേർന്നായിരുന്നു പരിശോധന. അണക്കര മൈലാടുംപാറ തുണ്ടിപ്പറമ്പിൽ ബെന്നിച്ച (46)നെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വീടിനോട് ചേർന്ന പുരയിടത്തിൽ കന്നുകാലി തൊഴുത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം.
മൂന്ന് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമാണ് കണ്ടെത്തിയത്.ബെന്നിച്ചൻ സ്ഥലത്തില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. ലിറ്ററിന് 1500 രൂപ വിലക്കാണ് പ്രതി ചാരായം വിൽപ്പന നടത്തിയിരുന്നതെന്നും എക്‌സൈസ് അറിയച്ചു.
പ്രിവന്‍റീവ് ഓഫീസർ കെ.എൻ. രാജന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്‍റീവ് ഓഫീസർ എം.പി. പ്രമോദ്, ഉടുമ്പൻചോല സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർമാരായ പി.ബി. രാജേന്ദ്രൻ, കെ. ഷനേജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ്. അരുൺ, അരുൺ രാജ്, ഇ.സി. ജോജി, എം. നൗഷാദ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: