ഇടുക്കി: അതിർത്തി കടന്നുള്ള മടങ്ങി വരവിന് സർക്കാർ അനുമതി നൽകിയതിന്‍റെ ആദ്യ ദിനമായ ഇന്ന് കുമളി ചെക്ക് പോസ്റ്റ് കടന്നത് 24 പേർ. കൈക്കുഞ്ഞുങ്ങളുമായുള്ള മൂന്ന് പേർ ഉൾപ്പെടെ സ്ത്രീകളായിരുന്നു എത്തിയവരിൽ കൂടുതലും. വൈകിട്ട് ആറ് വരെയുള്ള കണക്കിലാണ് 24 പേർ മടങ്ങിയെത്തിയത്. കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, വാഴത്തോപ്പ് എന്നിങ്ങനെ ഇടുക്കി ജില്ലയില്‍ നിന്നുള്ളവരും ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരുമാണ് ഇന്നലെ എത്തിയത്. രാവിലെ എട്ടുമുതല്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ തുറന്ന് യാത്രക്കാരെ പ്രതീക്ഷിച്ചുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഒരു വനിത ആദ്യമായി എത്തിയത്.
ജില്ലാ കലക്‌ടര്‍ പാസിന് അനുമതി നല്‍കുന്ന മുറയ്ക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇന്നലെ എത്തിയവരില്‍ കൂടുതല്‍ പേരും തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്നവരാണ്. കടന്നുവരുന്നവരെ ആദ്യം ആരോഗ്യവകുപ്പിന്‍റെ സ്റ്റാളില്‍ പരിശോധിച്ച ശേഷം തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ സ്റ്റാളിലേക്കു വിടും. ക്വാറന്‍റൈയിന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ പരിശോധിച്ച് അറിയിക്കും. റവന്യൂ, പോലീസ് വിഭാഗങ്ങളാണ് പാസ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുന്നത്.
വീടുകളില്‍ ക്വാറന്‍റൈന്‍ സൗകര്യമുള്ളവരെ കര്‍ശനമായ വ്യവസഥകളോടെ പോകാന്‍ അനുവദിച്ചു. ക്വാറന്‍റൈന്‍ സൗകര്യം തീരെയില്ലാത്തവരെ അതത് ഇടങ്ങളിലെ കൊവിഡ് കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. വരുന്ന എല്ലാവര്‍ക്കും കുടിവെള്ളം, ടോയ്‌ലെറ്റ്, വിശ്രമം, നിസ്‌കാരം തുടങ്ങിയവയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് അനുമതി ലഭിച്ചു വരുന്ന മുറയ്ക്ക് കടന്നുവരുന്ന എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.
വരുംദിനങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ എസ്. ഹരികുമാറിന്‍റെ നേതൃത്വത്തിലാണ് കുമളിയില്‍ സജജീകരണങ്ങള്‍ നടത്തിവരുന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. സുഷമ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, കട്ടപ്പന ഡിവൈ.എസ്പി എന്‍.സി. രാജ്‌മോഹന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: