ബംഗളൂരു: മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ച യുവാവിന് പോസ്റ്റ് മോർട്ടം ടേബിളിൽ നിന്നും പുതു ജീവൻ. കര്‍ണാടകയിലെ മഹാലിംഗാപൂരിലാണ് അസാധാരണ സംഭവം ഉണ്ടായത്. അപകടത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ശങ്കര്‍ ഗോമ്പി എന്ന 27കാരനാണ് പോസ്റ്റ് മോർട്ടം ടേബിളിൽ നിന്നും ജീവിതത്തിലേക്ക് വരുന്നത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് യുവാവിന്‍റെ ശരീരം ചലിക്കുന്നത് ഡോക്ടര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീവനുണ്ടെന്ന് മനസിലായത്. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയ യുവാവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 27ന് മഹാലിംഗാപൂരില്‍ അപകടത്തില്‍പ്പെട്ട ശങ്കര്‍ ഗോമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മസ്തിഷ്‌കം മരണം സംഭവിച്ചതായി ബെലഗാവിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. വെന്‍റിലേറ്റര്‍ സംവിധാനം ഒഴിവാക്കുന്നതോടെ മരണം സ്ഥിരീകരിക്കപ്പെടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വെന്‍റിലേറ്റര്‍ മാറ്റിയ ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മഹാലിംഗാപൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റി. ഇതിനൊപ്പം യുവാവിന്‍റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഡോ. എസ്.എസ്. ഗല്‍ഗലിക്കായിരുന്നു പോസ്റ്റ് മോർട്ടം ചെയ്യാൻ നിർദേശം.
ആശുപത്രിയിലേക്ക് പോകുമ്പോള്‍ പട്ടണത്തിലുടനീളം ശങ്കറിന്‍റെ കട്ട്ഔട്ടുകളും ബാനറുകളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പോസ്റ്റുമോര്‍ട്ടം ടേബിളിലെ മുഖം എനിക്കറിയാമായിരുന്നുവെന്നും എന്നാൽ യുവാവ് ജീവിച്ചിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡോക്‌ടർ പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോള്‍ നൂറു കണക്കിന് ആളുകള്‍ അവിടെ തടിച്ചു കൂടിയിരുന്നു.
പോസ്റ്റ് മോര്‍ട്ടം നടപടി ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ ഗോമ്പിയുടെ ശരീരത്തില്‍ ചെറിയ അനക്കം കണ്ടു. ഒരു പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുകയും അവന്‍റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും ചെയ്തു. അപ്പോള്‍ പള്‍സ് ഉണ്ടെന്ന് മനസിലായി. പിന്നെ ഞാന്‍ അവനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി അല്‍പ്പം കാത്തിരുന്നു.
എന്നെ അതിശയിപ്പിച്ചു കൊണ്ട്, അവന്‍ കൈകള്‍ ചലിപ്പിച്ചു. ഞാന്‍ ഉടനെ കുടുംബത്തെ വിളിച്ച് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.'' -ഡോ. ഗല്‍ഗലി പറഞ്ഞു. 18 വര്‍ഷം നീണ്ട തന്‍റെ കരിയറില്‍ 400ലധികം പോസ്റ്റ്മോര്‍ട്ടങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ഇതുപോലുള്ള ഒരു കേസ് ഞാന്‍ കണ്ടിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: