മലപ്പുറം: പത്ത് മിനിറ്റ് പണിക്ക് 1000 രൂപ കൂലി ചോദിച്ച പണിക്കാരെ നോക്കുകുത്തികളാക്കി പഞ്ചായത്ത് പ്രസിഡന്‍റ്. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്‍റ് കഴുങ്ങിൽ മജീദാണ് വാർത്താ താരം. ചത്ത പൂച്ചയെ കുഴിച്ചിടാൻ പണിക്കാർ 1000 രൂപ കൂലി ചോദിച്ചതാണ് പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്.
പത്ത് മിനിറ്റ് പണിക്ക് പഞ്ചായത്ത് ഫണ്ട് കളയാനില്ലെന്നു പറഞ്ഞ പ്രസിഡന്‍റ് സ്വയം കുഴിതോണ്ടി പൂച്ചയെ കുഴിച്ചിട്ടു. വട്ടംകുളം ടൗണിലെ കൃഷിഭവനുമുന്നിലാണ് ആരോ ചത്ത പൂച്ചയെ കൊണ്ടിട്ടത്. ദുർഗന്ധം സഹിക്കാനാവാതെ പരാതിയുമായി നാട്ടുകാർ നിരന്തരം ഫോൺ വിളിക്കാൻ തുടങ്ങിയപ്പോൾ അടുത്തുള്ള തൊഴിലാളികളെ പ്രസിഡന്‍റ് നേരിട്ടു വിളിച്ചു.
പൂച്ചയെ കുഴിച്ചിടാൻ 1000 രൂപ വേണമെന്നായിരുന്നു ആവശ്യം. ഇതു കേട്ടപാടെ പ്രസിഡന്‍റ് ഒറ്റയ്ക്ക് എത്തി പൂച്ചയെ മറവു ചെയ്‌തു. വെള്ള ഖദർമുണ്ടും ഷർട്ടുമിട്ട ഒരാൾ പൂച്ചയെ മറവു ചെയ്യുന്നത് കണ്ടതോടെ ആളുകളും കൂടി. പിന്നീടാണ് അത് പ്രസിഡന്‍റ് തന്നെ ആണെന്ന് മനസിലായത്. ചിലർക്ക് ഈ കാഴ്ച്ച കൗതുകമായതോടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെടുത്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: