ചെന്നൈ: ജാതക ദോഷമുള്ള മകനെ മർദിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ നന്നില്ലം സ്വദേശി രാംകിയാണ് (29) അറസ്റ്റിലായത്. നാല് വയസുള്ള മകനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
ജീവിത പ്രശ്നത്തിനു കാരണം മകന്‍റെ ജാതകദോഷമാണെന്ന് ജോതിഷി പറഞ്ഞിരുന്നു. ഇതോടെ മകനോട് വെറുപ്പായ പിതാവ് മദ്യ ലഹരിയിൽ കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 25നാണ് ക്രൂരമായ കൊലപാതകം. സംഭവം നടന്ന ദിവസം രാത്രിയോടെ മദ്യപിച്ച് ലക്കുകെട്ടെത്തിയ രാംകി, ഭാര്യ ഗായത്രിയുമായി വഴക്കിട്ടു. തർക്കം മൂത്തതോടെ ദേഷ്യത്തിലായ ഇയാൾ നാലു വയസുകരനായ മകൻ സായ് സരണിന് നേരെ തിരിയുകയായിരുന്നു.
കുട്ടിയെ ഉപദ്രവിച്ച ഇയാൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ ഗായത്രി കുട്ടിയെ നന്നില്ലം സർക്കാർ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനാൽ അവിടെ നിന്നും തഞ്ചാവൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ കുട്ടി അധികം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ഗായത്രി പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് ഓട്ടോ ഡ്രൈവറായ രാംകിയെ അറസ്റ്റ് ചെയ്തത്. മകന്‍റെ ജാതകത്തിൽ ദോഷമുണ്ടെന്നും ഇത് തന്‍റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഒരു ജ്യോത്സൻ പറഞ്ഞിരുന്നു. ഈ ഭീതിയിലാണ് മകനെ ഇല്ലാതാക്കിയതെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: