ശ്രീനഗർ: ആശുപത്രിയിൽ മരിച്ച പിഞ്ചു കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ മുങ്ങി. ജമ്മുകാശ്‌മീരിലെ ശ്രീമഹാരാജ ഗുലാബ് സിങ് ആശുപത്രിയിലാണ് സംഭവം. രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് ചികിത്സയിലിരിക്കെ മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡാണെന്ന് കണ്ടെത്തിയത്.
ഇതിനു പിന്നാലെയാണ് രക്ഷിതാക്കളെ കാണാതാകുന്നത്. ഇവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
രാത്രി 8.30 ഓടെ കുഞ്ഞ് മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രി അധികൃതർ മാതാപിതാക്കളെ വിവരം അറിയിച്ചു. അവരോട് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ പരിശോധന നടത്താമെന്ന് പറഞ്ഞതിന് പിന്നാലെ മാതാപിതാക്കൾ ആശുപത്രിയിൽ നിന്ന് കടന്നു കളയുകയായിരുന്നു.
തങ്ങളുടെ സുരക്ഷാ ജീവനക്കാർ അടക്കം മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ധാരാസിങ് മാധ്യമങ്ങളോട് പറഞ്ഞത്. ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി തേടിയ ശേഷം കുഞ്ഞിന്‍റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അവകാശികളാരും ഇല്ലെങ്കിൽ 72 മണിക്കൂർ വരെ മൃതദേഹം സൂക്ഷിയ്ക്കണം എന്നാണ് ചട്ടം. അതിനു ശേഷമേ മൃതദേഹം സംസ്‌കരിക്കാൻ കഴിയുകയുള്ളൂ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: