പ്രേത സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള ഒരു കാഴ്ച്ച സ്വന്തം വീട്ടിൽ അരങ്ങേറിയതിന്‍റെ ഞെട്ടലിലാണ് ഒരു കുടുംബം. അമേരിക്കയിലെ കാലിഫോർണിയയിൽ ടോറാനസിലാണ് സംഭവം. വീടിന്‍റെ ചിമ്മിനിയിലൂടെ ഉള്ളിലേക്ക് വന്ന നൂറു കണക്കിനു പക്ഷികളാണ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം. വീട്ടുടമസ്ഥയായ കെറിയും ഭർത്താവും കുട്ടിയും അടങ്ങുന്ന കുടുംബം ഭക്ഷണത്തിനായി പുറത്തു പോയി തിരികെ വന്നപ്പോഴാണ് വീടിനകത്തു നിറയെ പക്ഷികൾ പറക്കുന്ന കാഴ്ച്ച കണ്ടത്.
ശുചിമുറികളിൽ അടക്കം എല്ലാ മുറികളിലും അവ സ്ഥാനം പിടിച്ചിരുന്നു. അവയെ പിടികൂടി പുറത്തിറക്കാനുള്ള ശ്രമത്തിനിടയിൽ എണ്ണൂറിനു മുകളിൽ പക്ഷികളുണ്ടായിരുന്നതായി കെറി പറയുന്നു. വോക്‌സസ് സ്വിഫ്റ്റ് എന്നറിയപ്പെടുന്ന ദേശാടനപക്ഷികളാണ് കെറിയുടെ വീടിനുള്ളിൽ സ്ഥാനം പിടിച്ചത്. ഇപ്പോൾ ഇവ ദേശാടനം നടത്തുന്ന സമയം ആയതിനാൽ വീടുകളുടെ ചിമ്മിനി അവയ്ക്ക് കടക്കാനാവാത്ത വിധം അടച്ചിടാൻ ജനങ്ങൾ ശ്രദ്ധിക്കണം എന്ന് പക്ഷി നിരീക്ഷകൾ മുന്നറിയിപ്പ് നൽകി.
വീടിന്‍റെ ജനാലകളും വാതിലുകളും തുറന്നിട്ടാൽ മതിയെന്നായിരുന്നു ആനിമൽ കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള നിർദേശം. ഇതനുസരിച്ച് ഏറെ നേരം വാതിലുകൾ തുറന്നിട്ട ശേഷവും പക്ഷികൾ പുറത്തിറങ്ങാതായതോടെ ഒടുവിൽ ഒരു ബന്ധുവിന്‍റെ സഹായം തേടുകയായിരുന്നു.
ഏറെ നേരത്തിനു ശേഷം അവ സീലിങ്ങിലും മറ്റുമായി തൂങ്ങിയിരുന്ന് ഉറങ്ങിയപ്പോൾ പിടികൂടി കാർഡ്ബോർഡ് പെട്ടിക്കുള്ളിലാക്കി പുറത്തെത്തിച്ച് തുറന്നു വിടുകയായിരുന്നു. എന്നാൽ ഇത്ര അധികം പക്ഷികൾ ഉണ്ടായതിനാൽ അവയെ പൂർണമായി പുറത്തെത്തിക്കാൻ സാധിച്ചതുമില്ല. ശേഷിക്കുന്നവ ഏതാനും ദിവസങ്ങൾ വീടിനുളിൽ തന്നെ തുടരുകയായിരുന്നു. ഇതേ തുടർന്ന് കെറിയും കുടുംബവും സമീപത്തുള്ള ഹോട്ടലിലേക്ക് താമസവും മാറ്റേണ്ടി വന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: